മാർപാപ്പയുടെ പ്രത്യേക വിമാനത്തിൽനിന്ന്: ലോകം ആണവയുദ്ധത്തിന്റെ തൊട്ടരികിലാണെന്നും ഇതുന്നെ വല്ലാതെ ഭയചകിതനാക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ. ലാറ്റിനമേരിക്കയിലെ ചിലി, പെറു രാജ്യങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട മാർപാപ്പ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
“ഞാൻ വല്ലാതെ ഭയക്കുന്നു, ഒരു കൈപ്പിഴമതി എല്ലാം തകരാൻ” -ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ച ചോദ്യത്തിനുത്തരമായി മാർപാപ്പ പറഞ്ഞു.
അണ്വായുധത്തിന്റെ ദുരന്തവ്യാപ്തി വ്യക്തമാക്കുന്ന സചിത്രകാർഡ് മാർപാപ്പ മാധ്യമപ്രവർത്തകർക്കു സമ്മാനിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് ഇട്ടപ്പോൾ കൊല്ലപ്പെട്ട ഇളയ സഹോദരന്റെ മൃതദേഹം തോളിലേറ്റി ശ്മശാനത്തിൽ ഊഴം കാത്തുനിൽക്കുന്ന ബാലന്റെ ചിത്രമാണ് കാർഡിലുള്ളത്. യുദ്ധത്തിന്റെ ഫലം എന്ന് കാർഡിൽ എഴുതിയിട്ടുണ്ട്.
ലോകം അണ്വായുധ യുദ്ധത്തിന്റെ വക്കിൽ: മാർപാപ്പ
12:41 AM Jan 16, 2018 | Deepika.com