ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനയെക്കുറിച്ചും നിയന്ത്രണരേഖയിൽ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ചും പാക്കിസ്ഥാൻ അമേരിക്കയെ പ്രതിഷേധമറിയിച്ചു.
നിയന്ത്രണം പാലിക്കാൻ ഇന്ത്യയെ അമേരിക്ക ഉപദേശിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ സന്ദർശനം നടത്തുന്ന യുഎസ് ആക്ടിംഗ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെൽസുമായുള്ള കൂടിക്കാഴ്ചയിൽ പാക് വിദേശകാര്യ സെക്രട്ടറി തെഹ് മിന ജാൻജുവയാണ് പാക് നിലപാട് അറിയിച്ചത്.
പാക്കിസ്ഥാനുള്ള അമേരിക്കൻ സഹായം നിർത്തലാക്കിയശേഷം ഇസ്ലാമാബാദിലെത്തിയ ആദ്യ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥയാണ് ആലിസ് വെൽസ്. ഇന്ത്യയുടെ മോർട്ടാർ ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധവും ആലീസ് വെൽസിനെ ജാൻജുവ അറിയിച്ചു.
വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്റെ ആണവശേഷിയെ ജനറൽ ബിപിൻ റാവത്ത് പരിഹസിച്ചിരുന്നു. ആണവശക്തിയെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ വീന്പിളക്കൽ ഇല്ലാതാക്കാൻ സൈന്യം ശക്തമാണെന്നും റാവത്ത് പറഞ്ഞിരുന്നു.
റാവത്തിന്റെ പ്രതികരണത്തിൽ പാക്കിസ്ഥാനും പ്രതിഷേധം
12:41 AM Jan 16, 2018 | Deepika.com