ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കന്പനികളിലൊന്നായ ഇൻഫോസിസ് മൂന്നാം ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു. പ്രവചനങ്ങൾ തെറ്റിച്ച് വളരെ മികച്ച പ്രവർത്തനം മൂന്നാം ത്രൈമാസത്തിൽ കമ്പനിക്കു കാഴ്ചവയ്ക്കാനായി എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസിന്റെ അറ്റാദായം 38.3 ശതമാനം ഉയർന്ന് 5,129 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 3,708 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം മൂന്നു ശതമാനം ഉയർന്ന് 17,794 കോടി രൂപയായി. 2017-18 സാന്പത്തികവർഷം വളർച്ച 5.5-6.5 ശതമാനത്തിൽ എത്തുമെന്ന പ്രതീക്ഷ ഏറെക്കുറെ ഉറപ്പിച്ചു.
ഇൻഫോസിസിന്റെ അറ്റാദായം 3.14 ശതമാനം താഴ്ന്ന് 3,609 കോടി രൂപയാകുമെന്ന പ്രവചനങ്ങളെത്തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾക്ക് നേരിയ ചലനമേ ഇന്നലെ ഉണ്ടായുള്ളൂ. പുറത്തുവന്ന മികച്ച പ്രവർത്തനറിപ്പോർട്ട് തിങ്കളാഴ്ച കമ്പോളങ്ങളിൽ പ്രതിഫലിച്ചേക്കും.
അതേസമയം, രാജേഷ് കെ. മൂർത്തി ഇൻഫോസിസ് പ്രസിഡന്റുസ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നു പ്രതികരിച്ച മൂർത്തി ഈ മാസം 31 വരെ തത്സ്ഥാനത്തു തുടരും.
പ്രവചനങ്ങൾ തെറ്റിച്ച് ഇൻഫോസിസ് പ്രവർത്തന റിപ്പോർട്ട്
12:20 AM Jan 13, 2018 | Deepika.com