വാഷിംഗ്ടൺ ഡിസി: ടിവി ടോക് ഷോ താരം ഓപ്ര വിൻഫ്രി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അവരെ പരാജയപ്പെടുത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇമിഗ്രേഷൻ പരിഷ്കാരത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന സെനറ്റർ മാരുടെ യോഗത്തിനിടയിൽ റിപ്പോർട്ടർമാരുടെ ചോദ്യത്തിനുത്തരം പറയുകയായിരുന്നു ട്രംപ്.
സമഗ്രസംഭാവനയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങി ഓപ്ര നടത്തിയ പ്രസംഗം അവരുടെ ജനപ്രീതി ഏറെ ഉയർത്തി.
സ്ത്രീകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരേ ഓപ്ര പ്രസംഗത്തിൽ രൂക്ഷ വിമർശനമുയർത്തി. ഇതെത്തുടർന്ന് 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഓപ്രയോടു നിരവധി ആരാധകർ ആവശ്യപ്പെട്ടു.
ഓപ്രായെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാവുമെന്നു കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. 1999ൽ ഒരു സിഎൻഎൻ പ്രോഗ്രാമിൽ സംസാരിച്ച ട്രംപ് താൻ പ്രസിഡന്റായി മത്സരിച്ചാൽ ഓപ്രയായിരിക്കും തന്റെ വൈസ് പ്രസിഡന്റെന്നു പറയുകയുണ്ടായി.
ആദ്യത്തെ കോടീശ്വരനായ പ്രസിഡന്റായ ട്രംപിന്റെ ഏതാണ്ട് ഒപ്പം സ്വത്തിന്റെ ഉടമയാണ് കറുത്തവംശജയായ ഓപ്ര. ഫോബ്സിന്റെ കണക്കനുസരിച്ച് ട്രംപിന് 310കോടി ഡോളറിന്റെയും ഓപ്രയ്ക്ക് 280 കോടി ഡോളറിന്റെയും ആസ്തിയാണുള്ളത്.
ഓപ്രായെ തോല്പിക്കും: ട്രംപ്
01:01 AM Jan 11, 2018 | Deepika.com