കൊച്ചി: ഒരു ദിവസംതന്നെ നിരവധി എലികളെ കെണിയിൽ വീഴ്ത്താനുള്ള ഉപകരണം തയാർ. നിലവിലുള്ള എലിപ്പെട്ടികളിൽ ഒരു എലി മാത്രം കുടുങ്ങാനുള്ള സാധ്യതയാണുള്ളത്. പെട്ടിക്കുള്ളിൽ കുടുങ്ങുന്ന എലികൾ രക്ഷപ്പെടാൻ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ മറ്റ് എലികൾ കാണുകയും ഇതുവഴി ലഭിക്കുന്ന അപായസൂചന മൂലം പിന്നീടായാലും എലിപ്പെട്ടികളിൽ കയറാൻ മടിക്കുകയും ചെയ്യുകയാണു പതിവ്. ഈ പ്രശ്നങ്ങൾ പരിഹരിച്ചാണു കൊച്ചിയിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന പവർ ഇലക്ട്രോ പ്രൊഡക്ട്സ് ഫാക്ടറിയുടെ ഗവേഷണവിഭാഗം പുതിയ ഉപകരണം വികസിപ്പിച്ചത്. മൾട്ടി ക്യാച്ച് റാറ്റ് ട്രാപ്പർ എന്നാണു റാറ്റോസോണിക് എന്ന ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന ഉപകരണത്തിന്റെ പേര്. ട്രാപ്പിംഗ്, കളക്ഷൻ എന്നീ രണ്ടു ചേംബറുകളും ഒരു ടണലുമാണ് ഇതിനുള്ളത്.
ട്രാപ്പിംഗ് ചേംബറിലൂടെ എലികൾ ഉള്ളിൽ പ്രവേശിക്കുന്നതോടെ വാതിൽ അടയും. ഇവിടെനിന്നു രക്ഷപ്പെടാനുള്ള തന്ത്രപ്പാടിൽ എലികൾ എത്തിച്ചേരുക കളക്ഷൻ ചേംബറിലാണ്. ഇതിൽ അകപ്പെടുന്ന എലികൾക്കു പിന്നീടു രക്ഷപ്പെടാനാവില്ല. ട്രാപ്പിംഗ് ചേംബറും കളക്ഷൻ ചേംബറും തമ്മിലുള്ള അകലം സ്ഥലലഭ്യതയനുസരിച്ചു വർധിപ്പിക്കാം. വ്യവസായകേന്ദ്രങ്ങളിലും ഫാക്ടറികളിലും ഈ ഉപകരണം വളരെ ഫലപ്രദമാകുമെന്നും ദിവസേന പത്ത് എലികളെ വരെ ഈ വിധം പിടികൂടാനാകുമെന്നും കന്പനി അധികൃതർ അവകാശപ്പെടുന്നു.
ട്രാപ്പ് ചേംബർ സ്ഥാപനങ്ങൾക്കുള്ളിലും കളക്ഷൻ ചേംബർ കെട്ടിടത്തിനു പുറത്തും സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. പേറ്റന്റ് എടുത്തിരിക്കുന്ന ഈ ഉത്പന്നത്തിന്റെ വ്യാവസായിക ഉത്പാദനത്തിനു തയാറെടുക്കുകയാണു കന്പനി. സ്ഥാപനത്തിന്റെ എംഡി രഞ്ജിത് ആർ. പിള്ളയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണു പുതിയ ഉപകരണത്തിന്റെ പിറവിക്കു പിന്നിൽ.
പത്ത് എലികളെ വരെ പിടിക്കാൻ കഴിയുന്ന കെണി തയാർ!
12:42 AM Jan 02, 2018 | Deepika.com