കോട്ടയം: ചിട്ടി സംബന്ധ കേസുകൾക്ക് തീർപ്പു കല്പിക്കുന്നതിനായി കൂടുതൽ ആർബിട്രേഷൻ കോടതികൾ സ്ഥാപിച്ച് ഉത്തരവായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി ദക്ഷിണമേഖലയും കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തി മധ്യമേഖലയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളെ ഉൾപ്പെടുത്തി ഉത്തര-മധ്യമേഖലയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളെ ഉൾപ്പെടുത്തി ഉത്തരമേഖലയുമാണ് രൂപീകരിച്ചത്.
ചിട്ടിസംബന്ധമായ കേസുകൾക്കു തീർപ്പു കല്പിക്കുന്നതിന് സംസ്ഥാനത്ത് ഇതുവരെ തിരുവനന്തപുരത്തു മാത്രമേ ആർബിട്രേഷൻ കോടതികൾ ഉണ്ടായിരുന്നുള്ളൂ. ഓൾ കേരള അസോസിയേഷൻ ഒാഫ് ചിട്ടിഫണ്ട് സർക്കാരിനു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആർബിട്രേഷൻ കോടതികൾ അനുവദിച്ചത്. എസ്. ഹരികുമാർ (തിരുവനന്തപുരം), കെ.ജി. ശ്രീകുമാർ (കോട്ടയം), പി.ആർ. ജസ്റ്റിൻ (തൃശൂർ), പി. മണി (കോഴിക്കോട്) എന്നിവരെ ആർബിട്രേറ്ററുമാരായും നിയമിച്ചു.
പുതിയ ആർബിട്രേഷൻ കോടതികൾ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓൾ കേരള അസോസിയേഷൻ ഒാഫ് ചിട്ടിഫണ്ട് പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ പറഞ്ഞു.
ചിട്ടി സംബന്ധ കേസുകൾക്ക് കൂടുതൽ ആർബിട്രേഷൻ കോടതികൾ
12:42 AM Jan 02, 2018 | Deepika.com