തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മിറർ പ്ലസ് ആപ്പിലെ നൂതനമായ "ഡിജിറ്റൽ ഇ-ലോക്ക്' സംവിധാനത്തിന് അഞ്ചാമത് "പാൻ ഐഐഎം വേൾഡ് മാനേജ്മെന്റ് അവാർഡ്സ് 2017'ൽ പുരസ്കാരം ലഭിച്ചു. ലക്നോ ഐഐഎമ്മിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) കെ. തോമസ് ജോസഫ് പുരസ്കാരം ഏറ്റുവാങ്ങി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി പ്രഫ. ദിനേഷ് ശർമയുടെ സാന്നിധ്യത്തിൽ എംഎച്ച്ആർഡി സെക്രട്ടറി കെ.കെ. ശർമ, ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് രാജേഷ് ടാണ്ടൻ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
രാജ്യത്തുടനീളമുള്ള 20 ഐഐഎമ്മുകളും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) ഒരുമിച്ച് സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് പാൻ- ഐഐഎം വേൾഡ് മാനേജ്മെന്റ് കോണ്‍ഫറൻസ്. ഭാരത സർക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും പിന്തുണയോടെയാണു കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നത്. കോണ്‍ഫറൻസിന്റെ അഞ്ചാമത് എഡിഷനിലാണ് ആദ്യമായി "പാൻ-ഐഐഎം വേൾഡ് ഡിജിറ്റൽ ഇന്ത്യ എക്സലൻസ് അവാർഡ്സ്' എന്ന പേരിൽ പുരസ്കാര വിഭാഗം അവതരിപ്പിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏറെ ജനശ്രദ്ധയാകർഷിച്ച മിറർ പ്ലസ് ആപ്പിലെ പ്രധാന സവിശേഷതയാണ് ഡിജിറ്റൽ ഇ-ലോക്ക്. ഇതുപയോഗിച്ച് ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടുകൾ ലോക്ക് ചെയ്യാനാകും.
സൗത്ത് ഇന്ത്യൻ ബാങ്കിനു പുരസ്കാരം
12:54 AM Dec 30, 2017 | Deepika.com