വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങൾ എന്നും സന്തോഷത്തോടെയിരിക്കാൻ മാതാപിതാക്കൾ ഏറെ ശ്രദ്ധ കൊടുക്കണമെന്ന് തന്റെ പിറന്നാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്മസിൽനിന്ന് ഉണ്ണിയേശുവിനെ ഒഴിവാക്കരുതെന്നും പറഞ്ഞു.കുട്ടികൾക്കൊപ്പമാണ് അദ്ദേഹം ഇന്നലെ തന്റെ 81-ാം പിറന്നാൾ ആഘോഷിച്ചത്.
മുതിർന്നവരുടെ ആധികളും വ്യാധികളും കുട്ടികളെ അറിയിക്കേണ്ടതില്ല. വഴക്കടിക്കുന്ന മാതാപിതാക്കളും വീട്ടിലെ മറ്റു പ്രശ്നങ്ങളും കുട്ടികളെ ബാധിക്കും. കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്. സന്തോഷത്തിൽ വേണം അവർ വളരാൻ. വത്തിക്കാനിലെ സാന്റാ മാർത്ത ഡിസ്പെൻസറിയിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച മാർപാപ്പ പറഞ്ഞു.
നമ്മൾ ആഗ്രഹിക്കുന്നപോലെ കാര്യങ്ങൾ നടക്കാതിരിക്കുന്പോഴും സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നും തുടർന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കു പിന്നാലെ മാർപാപ്പ പറഞ്ഞു. ക്രിസ്മസിന്റെ കേന്ദ്രബിന്ദു ഉണ്ണിയേശുവാണ്. ഉണ്ണിയേശുവിനെ ഒഴിവാക്കിയുള്ള ക്രിസ്മസ് ആഘോഷം അർഥശൂന്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാർപാപ്പയ്ക്കു പിറന്നാൾ ആശംസകൾ നേരാൻ കുട്ടികളും തീർഥാടകരുമായി 25,000 പേർ വത്തിക്കാനിലെത്തി. 13 അടി നീളമുള്ള ഭീമൻ പിസ കുട്ടികൾക്കൊപ്പം മാർപാപ്പ മുറിച്ചു. മുഴുവനും കഴിച്ചു തീർ ക്കണമെന്നും വേഗം വളരുമെ ന്നും അദ്ദേഹം പറഞ്ഞു.
ഭൂഗോളം തോളിലേറ്റി ബാഗും പിടിച്ചു നിൽക്കുന്ന മാർപാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് ഒരു ബേക്കറി അദ്ദേഹത്തിനു സമ്മാനി ച്ചു. ഇറ്റലിയിലെ പ്രമുഖ ഗ്രാഫിറ്റി കലാകാരൻ മൗപാൽ(മൗരോ പല്ലോറ്റ) ആണ് കേക്ക് രൂപല്പന ചെയ്തത്.
കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്: 81-ാം ജന്മദിനത്തിൽ മാർപാപ്പ
09:47 PM Dec 17, 2017 | Deepika.com