നെടുമ്പാശേരി: ഓഖി ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അഞ്ചു കോടി രൂപ നല്കി. സിയാല്‍ ഡയറക്ടര്‍ കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാറാണ് അഞ്ച് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ഇന്നലെ ചേർന്ന ഡയറക്ടർ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് അഞ്ചു കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍- സിയാല്‍ സംയുക്ത സംരംഭമായ ഉള്‍നാടന്‍ ജലപാത വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ 4.41 കോടി രൂപ നല്‍കാനും ഡയറക്ടർ ബോര്‍ഡ് തീരുമാനിച്ചു.
സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി.എസ്. സുനില്‍കുമാര്‍, കെ. റോയ് പോള്‍, എ.കെ. രമണി, സി.വി. ജേക്കബ്, ഇ.എം. ബാബു, എന്‍.വി. ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് തുടങ്ങിയവര്‍ ഡയറക്ടർ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
ഓഖി ദുരിതാശ്വാസ നിധി: സിയാൽ അഞ്ചു കോടി നല്കി
11:58 PM Dec 16, 2017 | Deepika.com