ഹൂസ്റ്റൺ: സൗരയൂഥത്തോട് വളരെ സാമ്യമുള്ള മറ്റൊരു നക്ഷത്ര- ഗ്രഹ സമൂഹത്തെ നാസയും ഗൂഗിളും ചേർന്നു കണ്ടെത്തി. 2500 പ്രകാശവർഷം അകലെയുള്ള കെപ്ലർ-90 നക്ഷത്രയൂഥമാണിത്. സൗരയൂഥത്തിനു സമാനമായി എട്ടു ഗ്രഹങ്ങൾ ഇവിടെയുമുണ്ട്.
കെപ്ലർ-90 എന്നാണ് കേന്ദ്രനക്ഷത്തിന്റെ പേര്. എട്ടാമതൊരു ഗ്രഹം കൂടി കണ്ടുപിടിച്ചതോടെയാണ് ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമായത്.
കെപ്ലർ-90ഐ എന്നാണ് പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. കേന്ദ്രനക്ഷത്രത്തിൽനിന്നുള്ള അകലത്തിൽ മൂന്നാം സ്ഥാനത്താണ് ഈ ഗ്രഹം.
കെപ്ലർ-90ന്റെ ഏറ്റവും ചെറിയ ഗ്രഹം കൂടിയാണിത്. കേന്ദ്ര നക്ഷത്രത്തെ ചുറ്റാനെടുക്കുന്നത് വെറും 14 ദിവസം മാത്രമാണ്. 426 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഈ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള ഒരു സാധ്യതയും ശാസ്ത്രജ്ഞർ കാണുന്നില്ല.
നാസയുടെ ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന കെപ്ലർ ടെലിസ്കോപിന്റെ സഹായത്തോടെയാണ് പുതിയ ഗ്രഹം കണ്ടു പിടിച്ചത്.
ടെലിസ്കോപ് നല്കിയ വിവരങ്ങൾ അപഗ്രഥിക്കാൻ ഗൂഗിളിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി.
2500 പ്രകാശവർഷം അകലെ മറ്റൊരു ‘സൗരയൂഥം’
12:02 AM Dec 16, 2017 | Deepika.com