കൊച്ചി: എട്ടാമത് കേരള ജെം ആൻഡ് ജ്വല്ലറി ഫെഡറേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നെടുന്പാശേരിയിലെ ഹോട്ടൽ ഫ്ലോറയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക് വിതരണം ചെയ്തു. ആഭരണ മേഖലയ്ക്ക് നല്കിയ സംഭാവനയ്ക്ക് ചുങ്കത്ത് ജ്വല്ലറിയുടെ സാരഥി സി.പി. പോൾ ചുങ്കത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നല്കി ധനമന്ത്രി ആദരിച്ചു. മികച്ച സ്വർണാഭരണ നിർമാണത്തിനായി നടന്ന മത്സരത്തിന്റെ അവാർഡുകളും ധനമന്ത്രി സമ്മാനിച്ചു.
ആമി ജ്വല്ലേഴ്സ് നിർമിച്ച വടക്കുനാഥ ക്ഷേത്രത്തിന്റെയും തൃശൂർ പൂരത്തിന്റെയും മാതൃകയിലുള്ള മോതിരത്തിനാണ് ഒന്നാം സ്ഥാനം. ഗോൾഡ് ഫ്ലേക്സ് ജ്വല്ലറി നിർമിച്ച പൂരം നെക്ലെയ്സിന് രണ്ടാം സ്ഥാനവും ആർഎസ് ഡിസൈൻസിന്റെ വള്ളംകളിയുടെ ആകൃതിയിലുള്ള നെക്ലെയ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.
കേരള ജെം ആൻഡ് ജ്വല്ലറി ഷോ ഡയറക്ടർമാരായ സുമേഷ് വധേര, പി.വി. ജോസ്, കല്യാണ് ജ്വല്ലേഴ്സ് സ്ഥാപകൻ ടി.എസ്. കല്ല്യാണരാമൻ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ, ജനറൽ സെക്രട്ടറി പി.സി. നടേശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജെം ആൻഡ് ജ്വല്ലറി പുരസ്കാരങ്ങൾ സമ്മാനിച്ചു
12:27 AM Dec 05, 2017 | Deepika.com