ന്യൂഡൽഹി: ടാറ്റാ മോട്ടോഴ്സിന്റെ ഇലക്ട്രിക് നാനോ ഈ മാസം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഡൽഹിയുടെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഓൺലൈൻ ടാക്സി കമ്പനിയായ ഒലയുടെ വാഹനശ്രേണിയിലേക്ക് ഇലക്ട്രിക് നാനോ കാറുകൾ എത്തിക്കാനാണ് തീരുമാനമെന്നും ടാറ്റാ മോട്ടോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിൽ ബുദ്ധിമുട്ടുന്ന ഡൽഹിക്ക് ഇലക്ട്രിക് നാനോ ആശ്വാസമാകുമെന്ന് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇപ്പോൾ വിപണിയിലുള്ള നാനോ ജെൻഎക്സിന്റെ പ്ലാറ്റ്ഫോമിൽത്തന്നെയാണ് ഇലക്ട്രിക് നാനോയുടെയും പിറവി. ഹാച്ച് ബാക്ക് മോഡലായ തിയാഗോയുടെ ഇലക്ട്രിക് മോഡലും വാണിജ്യാടിസ്ഥാനത്തിൽ ടാറ്റാ ഉത്പാദനം തുടങ്ങും. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനും 11 സെക്കൻഡുകൊണ്ട് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനും ഇലക്ട്രിക് തിയാഗോയ്ക്ക് കഴിയുമെന്ന് ടാറ്റാ അവകാശപ്പെടുന്നു. പരമാവധി വേഗം മണിക്കൂറിൽ 135 കിലോമീറ്ററാണ്. 200 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന 85 കിലോവാട്ട് മോട്ടോറാണ് തിയാഗോയുടെ കരുത്ത്. തിയാഗോയ്ക്കു പിന്നാലെ സെഡാൻ മോഡൽ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിറക്കാനും ടാറ്റയ്ക്കു പദ്ധതിയുണ്ട്.
ഇലക്ട്രിക് നാനോ ഈ മാസം: ടാറ്റാ മോട്ടോഴ്സ്
12:20 AM Nov 23, 2017 | Deepika.com