മോസ്കോ: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ് റഷ്യയിലെ സോച്ചി നഗരത്തിൽ തിങ്കളാഴ്ച രഹസ്യ സന്ദർശനം നടത്തി. ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഇതിനുമുന്പ് ഒരു തവണ മാത്രമേ അസാദ് റഷ്യയിൽ സന്ദർശനം നടത്തിയിട്ടുള്ളൂ. കരിങ്കടൽ തീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയിൽ പ്രസിഡന്റ് പുടിനുമായി അസാദ് മൂന്നു മണിക്കൂർ ചർച്ച നടത്തി. സിറിയയെ രക്ഷിച്ചതിന് റഷ്യൻ സൈനികർക്കും പുടിനും അസാദ് നന്ദിപറഞ്ഞു.
എെഎസിന്റെ പരാജയം ഉറപ്പായ സ്ഥിതിക്ക് സിറിയൻ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണുന്നതിനെക്കുറിച്ചായിരുന്നു ഇരുവരും ചർച്ച നടത്തിയത്. ഇറാന്റെയും തുർക്കിയുടെയും നേതാക്കളുമായി പുടിൻ ഇന്നു കൂടിക്കാഴ്ച നടത്തും. അസാദുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ യുഎസ് പ്രസിഡന്റ് ട്രംപിനെ അറിയിക്കുമെന്നു പുടിൻ വ്യക്തമാക്കി.
റഷ്യൻ സൈനിക കമാൻഡർമാരുമായും സോച്ചിയിൽ അസാദ് കൂടിക്കാഴ്ച നടത്തി. നിങ്ങൾ ചെയ്ത ഉപകാരം മറക്കില്ലെന്നും സിറിയൻ ജനതയുടെ പേരിൽ നന്ദി പറയുന്നെന്നും അസാദ് സൈനിക കമാൻഡർമാരോടു പറഞ്ഞു. 2015ൽ സിറിയയിൽ റഷ്യ ഇടപെട്ടതിനെത്തുടർന്നാണു ആഭ്യന്തരയുദ്ധത്തിൽ അസാദിനു മേൽക്കൈ കിട്ടിയത്.
റഷ്യയിൽ അസാദിന്റെ രഹസ്യസന്ദർശനം
11:43 PM Nov 21, 2017 | Deepika.com