ഇസ്ലാമാബാദ്: അനധികൃത സ്വത്തു സന്പാദനക്കേസിൽ വിചാരണ നേരിടുന്ന ധനമന്ത്രി ഇഷാഖ് ധർ രാജി സമർപ്പിച്ചതായി പാക്കിസ്ഥാനിലെ ജിയോ ടിവിയും ഡോൺ പത്രവും റിപ്പോർട്ട് ചെയ്തു. എന്നാൽ ധർ രാജി വച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുടെ വക്താവ് പറഞ്ഞു.
പാനമഗേറ്റ് പേപ്പറിലുടെ പുറത്തുവന്ന സ്വത്തു വിവരങ്ങളുടെ പേരിലാണ് ധർ കേസിൽപ്പെട്ടത്. പാനമ ഗേറ്റ് കേസിൽപ്പെട്ട് പ്രധാനമന്ത്രിപദം ഉപേക്ഷിക്കേണ്ടിവന്ന നവാസ് ഷരീഫിന്റെ വിശ്വസ്തനാണ് ഇദ്ദേഹം. ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്.
യുഎഇയിലും അമേരിക്കയിലും ധറിനു സ്വത്തുണ്ടെന്നാണ് ആരോപണം. കേസ് കേൾക്കുന്ന അക്കൗണ്ടബിലിറ്റി കോടതി ഇദ്ദേഹത്തിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ ആഴ്ച ആദ്യം തന്നെ ധർ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്കിയെന്നാണ് ജിയോ ടിവി റിപ്പോർട്ട് ചെയ്തത്. ധറിനു പകരം മൂന്നു പേരെ പരിഗണിക്കുന്നതായി ഡോൺ പത്രവും റിപ്പോർട്ട് ചെയ്തു.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വക്താവ് മുസാദിക് മാലിക് ഇക്കാര്യം നിഷേധിച്ചത്. ധർ ചികിത്സയ്ക്കു ലണ്ടനിലായതിനാൽ അദ്ദേഹത്തിന്റെ വകുപ്പിന്റെ ഭരണം പ്രധാനമന്ത്രി ഏറ്റെടുത്തുവെന്നാണ് വക്താവ് വിശദീകരിച്ചത്.
പാക് ധനമന്ത്രി രാജിവച്ചതായി അഭ്യൂഹം
12:24 AM Nov 19, 2017 | Deepika.com