വത്തിക്കാൻസിറ്റി : ആഡംബര കാർ നിർമാതാക്കളായ ലംബോർഗിനി അവരുടെ പുതുപുത്തൻ കാർ ഫ്രാൻസിസ് മാർപാപ്പയ്ക്കു സമ്മാനിച്ചു. ഇതു ലേലത്തിൽ വിറ്റു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനത്തിനു നൽകാനാണു പദ്ധതിയെന്നു വത്തിക്കാൻ അറിയിച്ചു.
മാർപാപ്പ താമസിക്കുന്ന സാങ്റ്റ മാർത്ത ഹോട്ടലിൽ കന്പനി ഉദ്യോഗസ്ഥർ എത്തിച്ച വെള്ളനിറമുള്ള സ്പെഷൽ എഡിഷൻ ലംബോർഗിനി ഹുറാകാൻ കാർ മാർപാപ്പ ആശീർവദിച്ചു. ലേലത്തിൽ കിട്ടുന്ന തുകയിൽ നല്ല പങ്കും ഇറാക്കിലെ ക്രൈസ്തവ സമൂഹങ്ങൾക്കു വേണ്ടി ചെലവഴിക്കും.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോർഡ് ഫോക്കസാണ്. 2014ൽ മാർപാപ്പയ്ക്കു സമ്മാനമായി കിട്ടിയ ഹാർഡ്ലി ഡേവിഡ്സൺ ബൈക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം സമാഹരിക്കാനായി ലേലത്തിൽ വിൽക്കുകയായിരുന്നു.
മാർപാപ്പയ്ക്കു കിട്ടിയ ലംബോർഗിനി ലേലം ചെയ്യും
12:31 AM Nov 16, 2017 | Deepika.com