കൊച്ചി: പരിമിതമായ വിഭവങ്ങളിൽനിന്ന് വലുതും അദ്ഭുതാവഹവുമായ സംരംഭകനേട്ടങ്ങൾ കൊയ്യാൻ കഴിവുള്ളവരാണ് ഇന്ത്യയിലെ സംരംഭകരെന്ന് ശശി തരൂർ എംപി. ടൈകോണ്‍ കേരള 2017 സംരംഭകസമ്മേളനം കൊച്ചി ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭക മനോഭാവം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ഇൻക്യൂബേഷൻ സെന്ററുകൾ സ്ഥാപിക്കേണ്ടതുണ്ട്. സംരംഭകത്വത്തിന് തടസങ്ങളുണ്ടാക്കുന്ന ഘടകങ്ങൾക്ക് പരിഹാരം കാണേണ്ടതും അടിയന്തരപ്രാധാന്യം അർഹിക്കുന്നു. ഹർത്താലുകൾ അവസാനിപ്പിക്കണം. അനുമതികൾക്കുള്ള കാലതാമസം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണം. ടൂറിസം മേഖലയ്ക്ക് മാത്രമേ കേരളത്തിന്റെ സന്പദ്വ്യവസ്ഥയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയൂ എന്നും ശശി തരൂർ പറഞ്ഞു.
ടൈ കേരള പ്രസിഡന്റ് രാജേഷ് നായർ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, സീനിയർ വൈസ് പ്രസിഡന്റ് എം.എസ്.എ. കുമാർ, വൈസ് പ്രസിഡന്റ് അജിത് മൂപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽനിന്നെത്തുന്ന സംരംഭകർ ചേർന്നൊരുക്കുന്ന എക്സിബിഷൻ സ്റ്റാളുകളിലായി നൂതന സംരംഭങ്ങളുടേയും ഉത്പന്നങ്ങളുടേയും പ്രദർശനവും നടന്നു. സമ്മേളനം ഇന്ന് അവസാനിക്കും.
ദി ഇൻഡസ് എന്റർപ്രണേഴ്സ് (ടൈ) ന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകർ. സംസ്ഥാന വ്യവസായ, വിവര സാങ്കേതിക വകുപ്പ്, കേരള സ്റ്റാർട്ട് അപ് മിഷൻ, കെഎസ്ഐഡിസി എന്നിവരുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ടൈകോണ്‍ കേരള സംരംഭക സമ്മേളനം തുടങ്ങി
12:23 AM Nov 11, 2017 | Deepika.com