റഷ്യന്‍ വിപ്ലവത്തിന് ഇന്നു നൂറു വയസ് തികയുന്നു. 1917 മാര്‍ച്ചില്‍ റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തില്‍ വന്ന കെറന്‍സ്കിയുടെ നേതൃത്വത്തിലുള്ള താത്കാലിക ഭരണകൂടത്തിനെതിരേ നടന്ന പോരാട്ടമാണിത്.
പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബർ 25നാണ് പോരാട്ടം ആരംഭിച്ചത്. അതിനാൽ ഒക്ടോബര്‍ വിപ്ലവം എന്ന പേരിലും ഇതറിയപ്പെടുന്നു. പുതിയ കലണ്ടര്‍ പ്രകാരം ഇത് നവംബറിലാണ്. ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ നടന്നതിനാൽ ബോൾഷെവിക് വിപ്ലവം എന്നും വിളിക്കാറുണ്ട്.
റഷ്യൻ വിപ്ലവം ആരംഭിക്കുന്നത് 1917 മാർച്ചിലാണ്. പൂർത്തിയാവുന്നത് നവംബറിലും. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നു കടുത്ത ക്ഷാമത്തിലമർന്ന റഷ്യയിൽ 1917 മാർച്ച് എട്ടിനു ഭക്ഷണം ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർക്കു നേരേ പട്ടാളം നടത്തിയ വെടിവയ്പിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. സൈനിക നടപടിയിൽ പ്രതിഷേധിച്ചു പിറ്റേദിവസം തൊഴിലാളികളും കർഷകരും തെരുവിലിറങ്ങിയതോടെ പ്രതിഷേധം കലാപമായി മാറി.
പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നിർദേശം സൈന്യം നിരസിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യൻ സൈന്യത്തിനു നേരിട്ട കനത്ത തിരിച്ചടികളാണു സൈന്യത്തിൽ ലഹളയുണ്ടാക്കിയത്. സൈനികരിൽ വലിയൊരു വിഭാഗം പ്രതിഷേധക്കാർക്കൊപ്പം ചേർന്നതോടെ സ്ഥാനമൊഴിയാൻ നിക്കോളാസ് രണ്ടാമൻ ചക്രവർത്തി നിർബന്ധിതനായി. നിക്കോളാസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ റഷ്യൻ സാമ്രാജ്യം ഇല്ലാതായി.
പിന്നീടു വന്ന കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താത്കാലിക ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായി. തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ നടന്ന വിപ്ലവം നവംബർ ഏഴിന് അവസാനിക്കുകയും വിപ്ലവത്തിനു നേതൃത്വം നൽകിയ വ്ലാഡിമിർ ലെനിന്റെ നേതൃത്വത്തിൽ പുതിയ ഭരണകൂടം നിലവിൽ വരികയും ചെയ്തു.
എതിർഗ്രൂപ്പുകളെ പരാജയപ്പെടുത്തി ആധിപത്യം സ്ഥാപിച്ച ബോൾഷെവിക്കുകൾ പിന്നീടു കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു. 1922ൽ സോവ്യറ്റ് യൂണിയന്റെ രൂപവത്കരണത്തിനു വിത്തുപാകിയതു റഷ്യൻ വിപ്ലവമാണ്. മിഖായൽ ഗോർബചേവ് നേതാവായിരിക്കുമ്പോൾ 1991 ഡിസംബറിൽ സോവ്യറ്റ് യൂണിയൻ ഛിന്നഭിന്നമാകുന്നതും ചരിത്രം കൗതുകത്തോടെ കണ്ടു.
റഷ്യൻ വിപ്ലവത്തിനു 100 വയസ്
12:55 AM Nov 07, 2017 | Deepika.com