ന്യൂഡൽഹി: പാക്കിസ്ഥാൻ, ചൈന അതിർത്തിയിലുള്ള സൈനികർക്ക് ദീപാവലി സമ്മാനം നല്കി കേന്ദ്ര സർക്കാർ. സൈനികർക്കുള്ള കോൾ നിരക്കിലും നിശ്ചിത പ്രതിമാസ വാടകയിലും ഇളവു നല്കിയെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു.
ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനലിനു(ഡിഎസ്പിടി)വേണ്ടി സൈനികർ നല്കേണ്ട പ്രതിമാസ വാടകയായ 500 രൂപ ഇത്തവണ നല്കേണ്ട. കൂടാതെ മിനിറ്റിന് ഒരു രൂപ എന്ന നിരക്കിൽ വിളിക്കാനുമാകും. നേരത്തെ മിനിറ്റിന് അഞ്ചു രൂപയായിരുന്നു സൈനികർ നല്കേണ്ടിയിരുന്നത്.
അതിർത്തികളിൽ സേവനം ചെയ്യുന്ന സിആർപിഎഫ്, ബിഎസ്എഫ്, ബിആർഒ, ഐടിബിപി തുടങ്ങിയ വിഭാഗങ്ങളിലെ സൈനികർക്ക് ഭവനങ്ങളിലേക്കും മേധാവികളെയും വിളിക്കാനുള്ള ചെലവ് ഇതോടെ കുറയും.
അതിർത്തികളിൽ ഡിഎസ്പിടി സേവനം നല്കുന്നത് ബിഎസ്എൻഎലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളായതിനാൽ സാറ്റലൈറ്റ് മുഖേന മാത്രമേ സൈനികർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയൂ.
സൈനികർക്കു സർക്കാരിന്റെ ദീപാവലി സമ്മാനം
11:48 PM Oct 18, 2017 | Deepika.com