യുണൈറ്റഡ് നേഷന്‍സ്: കൊറിയൻ മേഖലയിലെ സ്ഥിതി രൂക്ഷമാണെന്നും ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഉത്തരകൊറിയൻ ഡെപ്യൂട്ടി സ്ഥാനപതി കിം ഇൻ റോംങ് മുന്നറിയിപ്പു നൽകി.
യുഎന്നിലെ നിരായുധീകരണ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പരമോന്നത നേതാവിനെ ഉന്മൂലനം ചെയ്യുന്നതിന് അമേരിക്ക ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ആണവായുധങ്ങളാണ് ഉത്തരകൊറിയയുടെ വിലപ്പെട്ട പ്രതിരോധ ഉപകരണങ്ങളെന്നും യാതൊരു കാരണവശാലും അവ കൈയൊഴിയില്ലെന്നും റോംങ് പറഞ്ഞു.
ആണവായുധ മുക്ത ലോകത്തിനുവേണ്ടിയാണ് ഉത്തരകൊറിയ നിലകൊള്ളുന്നത്. പക്ഷേ യുഎസ് ആദ്യം അണ്വായുധം കൈയൊഴിയണം- റോംങ് പറഞ്ഞു.
ഇതിനിടെ ഉത്തരകൊറിയയുമായി ചർച്ചയ്ക്കുള്ള സാധ്യത ഇനിയും അവസാനിച്ചിട്ടില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ സള്ളിവൻ ടോക്കിയോയിൽ പറഞ്ഞു. നയതന്ത്രതലത്തിലുള്ള പരിഹാരത്തിനാണു മുൻഗണന. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടിക്കും തയാറായിരിക്കണമെന്നാണു നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുമായി ഇക്കാര്യം സംബന്ധിച്ചു കൂടിയാലോചിക്കും.
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
12:17 AM Oct 18, 2017 | Deepika.com