യുണൈറ്റഡ് നേഷൻസ്: തെക്കൻ സുഡാനിൽ സേവനമനുഷ്ഠിക്കുന്ന 50 ഇന്ത്യൻ സമാധാനസേനാംഗങ്ങൾക്കു യുണൈറ്റഡ് നേഷൻസ് മെഡൽ. തൊഴിൽമികവും സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളും കലാപഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമാണ് സേനാംഗങ്ങളെ ആദരവിനർഹരാക്കിയത്. യുഎൻ മിഷൻ ഇൻ സൗത്ത് സുഡാന്റെ (യുഎൻഎംഐഎസ്എസ്) ഭാഗമാണ് ഇന്ത്യൻ സമാധാനസേനാംഗങ്ങൾ.
ജോംഗ്ലിയിലെ ബോറിൽ ക്യാന്പ് ചെയ്യുന്ന സേനാംഗങ്ങൾക്ക് യുഎൻഎംഐഎസ്എസ് കമാൻഡർ ജനറൽ ഫ്രാങ്ക് മുഷായോ കമൻസി പുരസ്കാരം സമ്മാനിച്ചു. മേഖലയിലാകെ പട്രോളിംഗ് നടത്തി സുരക്ഷിത അന്തീരക്ഷമൊരുക്കുന്നതിൽ സേനാംഗങ്ങൾ കാണിക്കുന്ന ജാഗ്രതയെ കമാൻഡർ ജനറൽ പ്രശംസിച്ചു. 2500 ഓളം ആളുകളാണ് യുഎൻ സംരക്ഷണത്തിൽ കഴിയുന്നത്. ജോംഗ്ലിയെ പ്രാദേശിക ഭരണകൂടവും ഇന്ത്യൻ സേനാംഗങ്ങളുടെ സേവനത്തെ പ്രകീർത്തിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യൻ സേനാംഗങ്ങൾ സുപ്രധാന പങ്കാണു വഹിക്കന്നതെന്ന് ആക്ടിംഗ് ഗവർണർ അഗോട് അലിർ പറഞ്ഞു.
നിർദേശിക്കപ്പെട്ടിരിക്കുന്ന ചുമതലകൾക്കുപുറമേ മെഡിക്കൽ സഹായം, ഗ്രാമവാസികളുടെ കന്നുകാലികളുടെ ചികിത്സ തുടങ്ങിയവയും ഇന്ത്യൻ സേനാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങളിൽ തെക്കൻ സുഡാനിലെ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോനും പങ്കെടുത്തു. സേനാംഗങ്ങളുടെ പ്രവർത്തനത്തെ അദ്ദേഹവും അഭിനന്ദിച്ചു.
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
12:17 AM Oct 18, 2017 | Deepika.com