ന്യൂഡൽഹി: ടെലികോം കന്പനിയായ ഭാരതി എയർടെൽ ഓണ്‍ലൈൻ വ്യാപാര രംഗത്തേക്ക്. ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രീമിയം സ്മാർട്ഫോണുകൾ ലഭ്യമാകുന്ന ഓണ്‍ലൈൻ സ്റ്റോറാണ് എയർടെൽ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ചു പ്രീമിയം സ്മാർട്ട് ഫോണുകൾക്കു വന്പിച്ച വിലക്കുറവാണു കന്പനി വാഗ്ദാനം ചെയ്യുന്നത്.
ആപ്പിളിന്റെ ഐ ഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയാണ് ഇപ്പോൾ ലഭ്യമാകുക. വായ്പ യോഗ്യത പരിശോധിക്കലും പ്രതിമാസ തവണ നിശ്ചയിക്കലും സ്റ്റോറിൽ സാധ്യമാണ്. എയർടെല്ലിന്റെ പ്രോജക്ട് നെക്സ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈൻ സ്റ്റോറിൽനിന്ന് 7777 രൂപ ഡൗണ്‍പേയ്മെന്റ് അടച്ച് ഐഫോണ്‍ 7 (32 ജിബി) മോഡൽ സ്വന്തമാക്കാം. ബാക്കി തുക 24 മാസംകൊണ്ട് ഇൻസ്റ്റാൾമെന്റായി നൽകിയാൽ മതി. 2,499 രൂപയാണ് ഇസ്റ്റാൾമെന്റ് തുക.
ഐഫോണിനോടൊപ്പം, ഓരോ മാസവും 30 ജിബി ഡാറ്റയും പരിധിയില്ലാത്ത ടോക് ടൈമും (ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ്) ലഭ്യമാകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനും ലഭിക്കും. ഫോണിനുണ്ടാവുന്ന കേടുപാടുകൾക്കും എയർടെൽ പാക്കേജിൽ ഗാരന്റി നൽകുന്നുണ്ട്. എയർടെല്ലിന്റെ ഓണ്‍ലൈൻ സ്റ്റോർ സേവനം, ഇന്ത്യയിലെ 21 നഗരങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ആപ്പിൾ, എച്ച്ഡിഎഫ്സി ബാങ്ക്, ക്ലിക്സ് ക്യാപിറ്റൽ, സെയ്ൻസ് ടെക്നോളജീസ്, ബ്രൈറ്റ്സ്റ്റാർ ടെലികമ്യൂണിക്കേഷൻസ്, തുടങ്ങിയ കന്പനികളുമായി സഹകരിച്ചാണു പ്രവർത്തനം.
എയർടെൽ ഓണ്‍ലൈൻ വ്യാപാര രംഗത്തേക്ക്, 7777 രൂപ കൊടുത്താൽ ഐഫോണ്‍ 7 !
11:45 PM Oct 17, 2017 | Deepika.com