ന്യൂഓർലിയൻസ്: ഉഷ്ണമേഖലാ കൊടുങ്കാറ്റിൽനിന്ന് കാറ്റഗറി ഒന്നിൽപ്പെട്ട ചുഴലിക്കൊടുങ്കാറ്റായി ശക്തിപ്രാപിച്ച നാറ്റ് ഇന്ന് അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്ത് വീശും. ന്യൂഓർലിയൻസ് നഗരത്തിലായിരിക്കും ആദ്യമെത്തുക.
സെൻട്രൽ അമേരിക്കയിലെ മെക്സിക്കോ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടൂറാസ് രാജ്യങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമായി ദുരിതം വിതച്ച ശേഷമാണ് നാറ്റ് അമേരിക്കയിലെത്തുന്നത്. കിഴക്കൻ മിസിസിപ്പിയിലും അലബാമയിലും നാറ്റ് എത്തുമെന്നാണ് പ്രവചനം.
ലൂയിസിയാനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തീരപ്രദേശങ്ങളിൽനിന്നും ദ്വീപുകളിൽനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. മെക്സിക്കോ ഉൾക്കടലിലെ എണ്ണ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങൾ പൂട്ടി. ന്യൂഓർലിയൻസിൽ ശനിയാഴ്ച രാവിലെ ആറു മുതൽ കർഫ്യൂ പ്രഖ്യാപിച്ചു.
സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
.
ചുഴലിക്കൊടുങ്കാറ്റു മൂലം മൊത്തം 100 കോടി ഡോളറിന്റെ നാശനഷ്ടം പ്രതീക്ഷിക്കുന്നു. സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ 25 കോടി ഡോളറിന്റെ നാശ നഷ്ടമുണ്ടായതായി അനുമാനിക്കുന്നു. 70-80 കോടി ഡോളറിന്റെ നഷ്ടം അമേരിക്കയിൽ വരുത്തിയേക്കും. അമേരിക്കയിൽ മൊത്തം 1,28,000 ഉപഭോക്താക്കൾക്കു വൈദ്യുതി ഇല്ലാതായേക്കും.
നാറ്റ് കൊടുങ്കാറ്റിനു ശക്തി കൂടി; നേരിടാനൊരുങ്ങി അമേരിക്ക
12:34 AM Oct 08, 2017 | Deepika.com