ലാസ് വേഗസ്: യുഎസിലെ ചൂതാട്ട കേന്ദ്രമായ ലാസ്വേഗസിൽ ഞായറാഴ്ച അരങ്ങേറിയ കൂട്ടക്കൊല മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാണ്ഡലേ ഹോട്ടലിന്റെ 32-ാംനിലയിൽനിന്ന് അക്രമി പാഡ്ഡോക്ക് നടത്തിയ വെടിവയ്പിൽ 59 ജീവനുകളാണു പൊലിഞ്ഞത്. 500ൽ അധികം പേർക്കു പരിക്കേറ്റു.രാത്രി 10.08ന് തുടങ്ങിയ വെടിവയ്പ് 11 മിനിറ്റ് ദീർഘിച്ചു.
ഹോട്ടലിന് അകത്തും പുറത്തും പാഡ്ഡോക്ക് മൂന്നു കാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പോലീസിന്റെ നീക്കങ്ങൾ വീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പോലീസ് മുറിയിലെത്തിയപ്പോൾ വെടിയേറ്റു മരിച്ചു കിടക്കുന്ന പാഡ്ഡോക്കിനെയാണു കണ്ടത്.
ഫിലിപ്പീൻസിൽ നിന്ന് ഇന്നലെ ലോസ് ആഞ്ചലസിലെത്തിയ പാഡ്ഡോക്കിന്റെ ഗേൾഫ്രണ്ട് മരിലൂ ഡാൻലിയെ എഫ്ബിഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂട്ടക്കൊല സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണു പോലീസിന്റെ നിഗമനം. പത്തുദിവസം മുന്പാണ് പാഡ്ഡോക്ക് ഇവരെ ഫിലിപ്പീൻസിലേക്കയച്ചത്.
പാഡ്ഡോക്കിന്റെ പദ്ധതികൾ തകിടം മറിക്കാതിരിക്കാനായിരുന്നിതെന്ന് ഡാൻലിയുടെ ഓസ്ട്രേലിയയിലുള്ള സഹോദരിമാർ പറഞ്ഞു. തന്റെ മനസ്സാക്ഷി ശുദ്ധമാണെന്നു ഡാൻലിയും പറഞ്ഞു.
പാഡ്ഡോക്ക് ഒരു ലക്ഷം ഡോളർ ഫിലിപ്പീൻസിലേക്കു ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ഇതു ഡാൻലിക്കായിരുന്നുവെന്നു കരുതപ്പെടുന്നു. ഫിലിപ്പീൻസിൽ ജനിച്ച ഡാൻലി 1980കളിൽ ഓസ്ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. 1989ൽ അമേരിക്കയിലെത്തി താമസം ആരംഭിച്ചു. ഇവർ ഓസീസ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നതെന്നു പോലീസ് അറിയിച്ചു.
പാഡ്ഡോക്ക് ദിവസേന പതിനായിരം ഡോളറിന്റെ ചുതുകളി നടത്തിയിരുന്നുവെന്ന റിപ്പോർട്ടിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. റിട്ടയേർഡ് അക്കൗണ്ടന്റായ ഇയാൾക്ക് സ്വന്തമായി രണ്ടുവിമാനങ്ങൾ ഉള്ളതായി റിപ്പോർട്ടുണ്ട്. പൈലറ്റ് ലൈസൻസുണ്ട്. നായാട്ടിലും ഭ്രമമുണ്ട്. പാഡ്ഡോക്കിന്റെ ഹോട്ടൽമുറിയിൽനിന്നും വീട്ടിൽനിന്നുമായി മൊത്തം 47 തോക്കുകൾ കണ്ടെടുത്തു. ഇതിൽ 12എണ്ണം ഓട്ടോമാറ്റിക് തോക്കുകളായിരുന്നു.
ലാസ് വേഗസ് ഉൾപ്പെടുന്ന നെവാഡ സംസ്ഥാനത്ത് പെർമിറ്റില്ലാതെ ആർക്കും തോക്കുവാങ്ങാം. മറ്റു സ്റ്റേറ്റുകളിൽ നിരോധിച്ചിട്ടുള്ള യന്ത്രത്തോക്കുകളും സൈലൻസറുകളും നെവാഡക്കാർക്ക് വാങ്ങുന്നതിനു വിലക്കില്ലെന്നു നാഷണൽ റൈഫിൾഅസോസിയേഷൻ വ്യക്തമാക്കി.
ലാസ് വേഗസ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തോക്കുനിയന്ത്രണം വേണമെന്ന ആവശ്യത്തിനു ശക്തിയേറി.
ലാസ് വേഗസിലേത് ആസൂത്രിത ആക്രമണം
01:02 AM Oct 05, 2017 | Deepika.com