ബർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ആംഗല മെർക്കൽ നാലാം വട്ടവും ചാൻസലറാവും. ഈ ടേം പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ കാലം ആധുനിക ജർമനിയുടെ ചാൻസലറായിരുന്നതിന്റെ റിക്കാർഡ് ഹെൽമുട്ട് കോളുമായി പങ്കുവയ്ക്കും.ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിയ്ക്കാത്തതിനെ തുടർന്ന് മെർക്കൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടി ഒരു കൂട്ടുകക്ഷി സർക്കാർ സൃഷ്ക്കുന്നതിന്റെ തിരക്കിലാണ്.
മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനും(സിഡിയു) ബവേറിയൻ സഹോദര പാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനും (സിഎസ്യു) ചേർന്നുള്ള സഖ്യത്തിനു കിട്ടിയത് എഴുപതു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ്.
എന്നാൽ, മുഖ്യ എതിരാളികളായ എസ്പിഡി ചരിത്രപരമായ തകർച്ചയിലേക്കു വീണതോടെ മെർക്കലിന്റെ സ്ഥാനാരോഹണം തടയാൻ ആർക്കുമാവില്ലെന്ന സ്ഥിതിയായി.
മുസ്ലിം, യൂറോ, കുടിയേറ്റ വിരുദ്ധ പാർട്ടിയായ എഎഫ്ഡി പാർലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി വളർന്നത് ആശങ്കയായി. 2013 ൽ തുടങ്ങിയ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) എന്ന തീവ്രവലതുപക്ഷ പാർട്ടി 94 അംഗങ്ങളുമായിട്ടാണ് ആദ്യമായി ജർമൻ പാർലമെന്റിൽ എത്തുന്നത്. 12.6 ശതമാനം വോട്ടാണ് അവർക്കു ലഭിച്ചത്.
ആറു ദശകങ്ങൾക്കു ശേഷമാണ് വലതുതീവ്രപക്ഷം അതായത് നവനാസികൾ പാർലമെന്റിൽ സീറ്റുറപ്പിച്ചത്.
ലോകയുദ്ധാനന്തരം ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്ന 1949 ലാണ് സിഡിയു - സിഎസ്യു സഖ്യം ഇതിലും മോശം പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. സഖ്യത്തിന് ഇക്കുറി 33 ശതമാനം വോട്ടാണ് ലഭിച്ചത്. എസ്പിഡിക്ക് 20.5ഉം എഎഫ് ഡിക്ക് 12.6ഉം ശതമാനം വോട്ടു കിട്ടി.
ബിസിനസ് അനുകൂല എഫ്ഡിപിക്ക് 10.7 ശതമാനം വോട്ടുമായി പാർലമെന്റ് പ്രാതിനിധ്യം തിരിച്ചു പിടിക്കാനായതും ശ്രദ്ധേയമായി. 8.9 ശതമാനം വോട്ട് നേടിയ ഗ്രീൻ പാർട്ടിയും 9.2 ശതമാനവുമായി ഇടതുപക്ഷവുമാണ്(ദി ലിങ്കെ) പാർലമെന്റിലെത്തിയ മറ്റു കക്ഷികൾ.
പാർലമെന്റിൽ ആകെയുള്ള 709 സീറ്റുകളിൽ(നിലവിൽ 630) സിഡിയു -246, എസ്പിഡി -153 , എഎഫ്ഡി -94, എഫ്ഡിപി- 80 , ദി ലിങ്കെ - 69 എന്നിങ്ങനെയാണു നില.
കേവല ഭൂരിപക്ഷത്തിന് 355 എന്ന മാന്ത്രികസംഖ്യ വേണമെ ന്നിരിയ്ക്കെ എഫ്ഡിപിയെയും ഗ്രീൻ പാർട്ടിയെയും സഖ്യകക്ഷി കളാക്കി ജെമൈക്ക മോഡ ൽ(പാർട്ടി കൊടികളുടെ നിറമാ യ കുറുപ്പ്, പച്ച, മഞ്ഞ) എന്ന ഓ മനപ്പേരിൽ പുതിയ സഖ്യത്തി നുള്ള പുറപ്പാടിലാണ് മെർക്കൽ. അതിനുള്ള ചർച്ചകൾ പുരോഗ മിക്കുകയാണ്.
ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മെർക്കൽ യുഗത്തിനു വീണ്ടും പച്ചക്കൊടി
12:20 AM Sep 26, 2017 | Deepika.com