മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഓൺലൈൻ ഫാഷൻ റീടെയ്ൽ മേഖലയിൽനിന്ന് ആദിത്യ ബിർള ഗ്രൂപ്പ് പിൻവാങ്ങുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ വൻതോതിൽ ഓഫറുകൾ നല്കി വിപണിയിൽ കുതിക്കുന്നതിനോടു മത്സരിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിൻവാങ്ങൽ.
ഫാഷൻ റീടെയ്ൽ പോർട്ടലായ എബിഒഎഫിന്റെ പ്രവർത്തനം ഡിസംബർ 31ന് അവസാനിപ്പിക്കുമെന്നാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രഖ്യാപനം. എബിഒഎഫ് പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു വർഷത്തിൽ താഴെ മാത്രമേ ആയുള്ളൂ. നിക്ഷേപങ്ങൾക്കനുസരിച്ച് ഒരുവിധത്തിലുമുള്ള വരുമാനവും കമ്പനിക്കു തിരികെ ലഭിക്കുന്നില്ല, ഭാവിയിലും അങ്ങനെതന്നെയാകും. അതിനാൽ ഇനി മുന്നോട്ടുപോകുന്നില്ലെന്ന് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്ലോബൽ എച്ച്ആർ മേധാവി ശാന്ത്രുപ്ത് മിശ്ര പറഞ്ഞു.
ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയിൽ ഏറ്റവും വലിയ വിഭാഗമാണ് ഫാഷൻ. ഏറ്റവുമധികം ഇടപാടുകൾ നടക്കുന്ന വിഭാഗവും ഇതുതന്നെ.
ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ 240 ജീവനക്കാരെ എബിഒഎഫ് പിരിച്ചുവിടും. നാലര മാസത്തെ ശന്പളം അധികമായി നല്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ വസ്ത്രവ്യാപാരം നിർത്തുന്നു
12:01 AM Sep 23, 2017 | Deepika.com