ന്യൂയോർക്ക്: മിന്നൽ ആക്രമണം പോലുള്ള പരിമിതയുദ്ധങ്ങൾക്ക് ഇന്ത്യ തുനിഞ്ഞാൽ ഹ്രസ്വദൂര ആണവായുധങ്ങൾകൊണ്ടു തിരിച്ചടിക്കുമെന്നു പാക്കിസ്ഥാൻ.
പാക് പ്രധാനമന്ത്രി ഷഹീദ് ഖക്കൻ അബ്ബാസി ഇവിടെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് എന്ന പഠനകേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ പരിമിതയുദ്ധസിദ്ധാന്തത്തെ കണക്കാക്കിയാണ് അണ്വായുധങ്ങളും ഹ്രസ്വദൂര മിസൈലുകളും തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക് ആണവശേഖരം സിവിലിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ന്യൂക്ലിയർ കമാൻഡ് അഥോറിറ്റി (എൻസിഎ) ഭീകരരുടെ പിടിയിലാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിമിതയുദ്ധം
വിശാലമായി എല്ലാ സേനാവിഭാഗങ്ങളും എല്ലാ അതിർത്തിയിലും പോരടിക്കുന്ന ചൂടൻ യുദ്ധം (ഹോട്ട്വാർ) അല്ലാത്ത ഒന്നാണു പരിമിതയുദ്ധം. തണുത്ത തുടക്കസിദ്ധാന്തം (കോൾഡ് സ്റ്റാർട്ട് ഡോക്ട്രിൻ) എന്നറിയപ്പെടുന്ന ഇതിൽ വളരെ പെട്ടെന്ന് ഒരു ലക്ഷ്യത്തിലേക്കുള്ള സൈനികനീക്കം മാത്രമാണ് ഉണ്ടാവുക. ശത്രുവിനെ ഞെട്ടിച്ചു കാര്യം നേടുന്ന മിന്നലാക്രമണമാണിത്. മിന്നലാക്രമണങ്ങൾ ഇനിയും നടത്തും എന്ന് ഇന്ത്യയുടെ കരസേനാ മേധാവി ഈയിടെ പറഞ്ഞതിനുള്ള മറുപടികൂടിയാണ് അബ്ബാസിയുടെ ഭീഷണി.
ആണവഭീഷണിയുമായി പാക് പ്രധാനമന്ത്രി
01:13 AM Sep 22, 2017 | Deepika.com