ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ആധുനിക ട്രെയിൻ ബോഗികളുടെ ഉത്പാദനം കൂട്ടാൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നിർദേശം നൽകി. ഇന്ത്യയിൽ ഇപ്പോൾ ഉപയോഗിക്കുന്നവയിൽ ഏറ്റവും ആധുനിക ബോഗികളായ ലിംഗ് ഹോഫ്മാൻ ബുഷ്(എൽഎച്ച്ബി)കോച്ചുകളുടെ ഉത്പാദനമാണ് ഇരട്ടിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മിക്ക ട്രെയിനുകളിലും ഐസിഎഫ് ബോഗികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത്തരം ബോഗികൾ ഉപയോഗിക്കുന്ന ട്രെയിനുകളിൽ സെൻട്രൽ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ഒരു ബോഗി പാളം തെറ്റിയാൽ പുറകിലുള്ള ബോഗികളുടെ ബാലൻസ് നഷ്ടപ്പെട്ട് അവ കൂട്ടി ഇടിക്കും.
എന്നാൽ, എൽഎച്ച്ബി കോച്ചുകളിൽ ഓരോ ബോഗിയിലും ബ്രേക്കിംഗ് സിസ്റ്റം ഉണ്ട്. ഇതു പാളം തെറ്റി ഉണ്ടാകുന്ന അപകടങ്ങളുടെ തീവ്രത കുറയ്ക്കും. ബോഗികൾ കൂട്ടി ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ഇല്ലാതാകുംപ്രതിവർഷം 4,000 എൽഎച്ച്ബി കോച്ചുകൾ ഉണ്ടാക്കാനുള്ള ക്ഷമതയാണ് ഇന്ത്യൻ റെയിൽവേക്കുള്ളത്. ഇത് ഇരട്ടിയാക്കി വരുന്ന അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും കൂടുതൽ സുരക്ഷിതമായ എൽഎച്ച്ബി കോച്ചുകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. നിലവിൽ ഉപയോഗിക്കുന്ന 60,000 കോച്ചുകളിൽ 40,000 എണ്ണവും ഐസിഎഫ് കോച്ചുകളാണ്. ഇവ മുഴുവൻ മാറ്റുന്നത് റെയിൽവേയ്ക്കു വൻ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണു മന്ത്രാലയം കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ആധുനിക ട്രെയിൻ ബോഗികളുടെ ഉത്പാദനം കൂട്ടും
12:38 AM Sep 20, 2017 | Deepika.com