ബെയ്ജിംഗ്/സാൻഫ്രാൻസിസ്കോ: തായ്വാനീസ് കണ്‍സ്യൂമർ ഇലക്ട്രോണിക്സ് കന്പനിയായ എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ വാങ്ങും. എച്ച്ടിസിയുടെ വെർച്വൽ റിയാലിറ്റി ബിസിനസായ എച്ച്ടിസി വൈവ് ഇടപാടിൽ ഉൾപ്പെടില്ല. കന്പനിയെ ഏറ്റെടുക്കുന്നതിനുള്ള ചർച്ച അവസാനഘട്ടത്തിലാണ്. ഗൂഗിളിന്റെ ആദ്യ ആൻഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കിയ പാരന്പര്യം എച്ച്ടിസിക്കുണ്ട്. ഗൂഗിളിന്റെ പിക്സൽ 2 മോഡൽ സ്മാർട്ട്ഫോൺ നിർമിച്ചത് എച്ച്ടിസിയായിരുന്നു.
എച്ച്ടിസിയുടെ വിറ്റുവരവ് കുറഞ്ഞെന്നുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഗൂഗിളിന്റെ ഏറ്റെടുക്കൽ തീരുമാനം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം എച്ച്ടിസി പുറത്തുവിട്ട പ്രവർത്തന റിപ്പോർട്ടിൽ കന്പനിയുടെ 13 വർഷത്തെ ഏറ്റവും താഴ്ന്ന വിറ്റുവരവ് രേഖപ്പെടുത്തിയിരുന്നു.
2000-10 കാലഘട്ടത്തിൽ സ്മാർട്ട്ഫോണ്‍ ബിസിനസിൽ കുതിച്ചുകയറിയ എച്ച്ടിസി അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലെ മുൻനിര ബ്രാൻഡുകളിലൊന്നാണ്.
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
11:56 PM Sep 08, 2017 | Deepika.com