ന്യൂയോർക്ക്: യുഎസിലെ പ്രമുഖ ദിനപത്രമായ ലോസ്ആഞ്ചലസ് ടൈംസിന്റെ എഡിറ്ററും പബ്ലിഷറുമായ മാധ്യമപ്രവർത്തകൻ ദേവൻ മഹാരാജിനെ പുറത്താക്കി. ട്രിനിഡാഡ് സ്വദേശിയും ഇന്ത്യൻ വംശജനുമായ ദേവൻ 28 വർഷം പത്രത്തിൽ പ്രവർത്തിച്ചു. 2016 ലാണ് എഡിറ്ററായത്. മാനേജിംഗ് എഡിറ്റർ മാർക്ക് ഡുവോയ്സിൻ അടക്കമുള്ളവരെയും പുറത്താക്കിയിട്ടുണ്ട്.
സതേൺ കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഒരു മുൻ ഡീൻ മയക്കുമരുന്നു കച്ചവടക്കാരുമായും അഭിസാരികകളുമായി പാർട്ടി നടത്തിയതിനെക്കുറിച്ചുള്ള വാർത്ത ലോസ്ആഞ്ചലസ് ടൈംസ് വൈകിപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പത്രം എല്ലാ വർഷവും നടത്തുന്ന പുസ്തകപ്രദർശനത്തിന് ആതിഥ്യം വഹിക്കുന്നത് ഈ യൂണിവേഴ്സിറ്റിയാണ്. റിപ്പോർട്ട് വൈകിയതിനു പിന്നിൽ ദേവനടക്കമുള്ളവരാണെന്ന ആരോപണം ഉയർന്നു. അതേസമയം ഡിജിറ്റൽ മേഖലയിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നതിന്റെ ഭാഗമായാണ് പുറത്താക്കലെന്ന് പത്രമുടമസ്ഥർ അറിയിച്ചു.
135 വർഷത്തെ പാരന്പര്യമുള്ള പത്രമാണ് ലോസ് ആഞ്ചലസ് ടൈംസ്. യാഹു ന്യൂസിന്റെ ഇടക്കാല മേധാവിയും ഫോക്സ് ന്യൂസിലടക്കം ഉന്നതസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മാധ്യമപ്രവർത്തകനുമായ റോസ് ലെവിൻസണെ ലോസ്ആഞ്ചലസ് ടൈംസിന്റെ പബ്ലിഷറും ചീഫ് എക്സിക്യൂട്ടീവുമായി നിയമിച്ചു.
ഇന്ത്യൻ വംശജനായ ലോസ്ആഞ്ചലസ് ടൈംസ് എഡിറ്ററെ പുറത്താക്കി
12:05 AM Aug 23, 2017 | Deepika.com