ഓട്ടോസ്പോട്ട് / ഐബി
ഡാറ്റ്സണ്‍ ഇന്ത്യയിൽ വിജയക്കുതിപ്പ് സമ്മാനിച്ച മോഡലാണ് റെഡി ഗോ. കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങളുമായി ചെറുകാറുകളുടെ വിഭാഗത്തിലെത്തിയ റെഡിഗോ 1.0 ലിറ്റർ കരുത്തിലേക്ക് ഉയർത്തി വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. പവർ കൂടിയാൽ ഡ്രൈവിംഗ് അനുഭവം ഉയരുമോ? നോക്കാം.
ടോൾ ബോയ് ഡിസൈനിൽ ശരീരം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വരകളും മുഴകളുമാണ് റെഡി ഗോയുടെ മുഖ്യ ആകർഷണം. വലിയ ഹെഡ്ലൈറ്റുകളും ഹെക്സഗണൽ ഗ്രില്ലും വാഹനത്തിന് ആഡംബരഭാവം നല്കുന്പോൾ വലിയ ലൈനുകളും ഡേ ടൈം റണ്ണിംഗ് ലാന്പുകളുമായി ബംപറും എടുത്തുനിൽക്കുന്നു. ഈ സെഗ്മെന്റിൽ ഡേ ടൈം റണ്ണിംഗ് ലാന്പ് കരുത്താർജിച്ച റെഡി ഗോയ്ക്കു മാത്രമേയുള്ളൂ.
13 ഇഞ്ച് സ്റ്റീൽ റിമ്മിനൊപ്പം വീൽ ക്യാപ്പും നല്കിയിരിക്കുന്നു. അലോയ് വീൽ ഉൾപ്പെടുത്തിയിട്ടില്ല. ഗ്രൗണ്ട് ക്ലിയറൻസ് 185 എംഎം. പിന്നിൽ ഉയരമേറിയ ബംപർ, അതുകൊണ്ടുതന്നെ വിൻഡ്സ്ക്രീനും മുകളിലേക്ക് ഉയർന്നിട്ടുണ്ട്. മൊത്തത്തിൽ മറ്റു ചെറു ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് ശ്രദ്ധിക്കപ്പെടുന്നതും ആകർഷകമായതുമായ ഡിസൈനാണെന്നു പറയാം.
ഉള്ളിൽ
കറുപ്പിന്റെ ഭംഗി ആവോളം പ്രകടിപ്പിച്ചതാണ് ഉൾഭാഗം. 0.8 ലിറ്റർ സ്പോർട്സ് വേരിയന്റിന്റെ അനുസ്മരിപ്പിക്കും വിധമാണ് ഡിസൈനിംഗ്. ലോക്ക്/അണ്‍ലോക്ക് സ്വിച്ച് സെൻട്രൽ കണ്‍സോളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പുതുമയാണ്. ഒപ്പം റിമോട്ട് കീയും.
ശരാശരി വലുപ്പമുള്ള നാലു പേർക്ക് സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന സീറ്റുകൾക്കൊപ്പം വാഹനം മികച്ച ഹെഡ്റൂമും നല്‍കുന്നുണ്ട്. എന്നാൽ, പിന്നിലെ ലെഗ്റൂമിൽ യാത്രക്കാർ അല്പം അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. ഉയരമുള്ള യാത്രക്കാരെ മാനിച്ച് ഉയരമുള്ള ഹെഡ്റെസ്റ്റാണ് സീറ്റുകൾക്കുള്ളത്. എന്നാൽ, ഇത് ഫിക്സ്ഡ് ആണ്.
ഫീച്ചറുകൾ
വലിയ ആഡംബരമൊന്നും നല്‍കിയിട്ടില്ലെങ്കിലും മെച്ചപ്പെട്ട ഫീച്ചറുകളാണ് റെഡി ഗോയുടെ പ്രത്യേകത. ടി (ഓപ്ഷണൽ), എസ് വേരിയന്റുകളിൽ മാത്രം ലഭിക്കുന്ന 1.0 ലിറ്റർ എൻജിനുള്ള വാഹനത്തിൽ കീലെസ് എൻട്രി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ വാഹനങ്ങളിൽ ഇത് സർവസാധാരണമാണെങ്കിലും റെഡി ഗോയിൽ പുതുമയാണ്. 0.8 ലിറ്ററിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.
സെൻട്രൽ കണ്‍സോളിലെ മ്യൂസിക് സിസ്റ്റത്തിൽ ഓക്സിലറി, യുഎസ്ബി, സിഡി, റേഡിയോ പ്ലെയർ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂ ടൂത്ത് കണക്ടിവിറ്റി ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് ഓക്സിലറി കേബിളോ യുഎസ്ബി ബ്ലൂ ടൂത്ത് അഡാപ്റ്ററോ ഉപയോഗിച്ചേ ഫോണിനെ പ്ലെയറുമായി ബന്ധിപ്പിക്കാൻ കഴിയൂ.
മുന്നിലെ പവർ വിൻഡോകളുടെ സ്വിച്ചുകൾ ഗിയർ ഷിഫ്റ്ററിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നിലെ വിൻഡോകൾ മാന്വലാണ്.
പെർഫോമൻസ്
വലിയ 1.0 ലിറ്റർ എൻജിൻ 68 പിഎസ് പവറിൽ 91 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
0.8 ലിറ്റർ റെഡി ഗോയുമായി താരതമ്യപ്പെടുത്തിയാൽ കൂടുതൽ മെച്ചപ്പെട്ട യാത്രാനുഭവം നല്കാൻ പുതിയ മോഡലിനു കഴിയുന്നുണ്ട്. എൻജിൻ വൈബ്രേഷൻ കാബിനുള്ളിൽ അനുഭവപ്പെടുന്നത് കുറഞ്ഞിട്ടുണ്ട്.
മൈലേജ് 22.5kmpl
മൊത്തത്തിൽ
ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താൻ മെക്കാനിക്കൽ മാറ്റങ്ങളേ 800 സിസിയിൽനിന്ന് 1000 സിസിയിലേക്ക് ഉയർന്നപ്പോൾ റെഡി ഗോയ്ക്കു വന്നിട്ടുള്ളൂ. എൻജിന്റെ പവർ കൂടുന്നതനുസരിച്ച് മൈലേജിൽ മാറ്റം വരുന്നതു സാധാരണമാണ്. ഇവിടെ 25.17 കിലോമീറ്ററിൽനിന്ന് 22.5 ആയി കുറഞ്ഞിട്ടുണ്ട്.
വില
3.6 ലക്ഷം രൂപ.
കൂടുതൽ കരുത്തുള്ള റെഡി ഗോ
11:57 PM Aug 19, 2017 | Deepika.com