മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസികളുടെ ഗണത്തിലേക്ക് 50 രൂപയുടെ പുതിയ നോട്ടുൾ വരുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പുതിയ 50 രൂപാ നോട്ടുകളുടെ ചിത്രങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയതോടെയാണ് പുതിയ നോട്ട് ഉടൻ എത്തുമെന്ന സ്ഥിരീകരണവുമായി ആർബിഐ വാർത്താക്കുറിപ്പിറക്കിയത്.
പുതിയ ഡിസൈനിലും സീരിയൽ നന്പരിലും അച്ചടിച്ചിരിക്കുന്ന 50 രൂപ കറൻസിയുടെ ചിത്രവും ആർബിഐ പുറത്തുവിട്ടു. നോട്ടുകൾ എന്നു പ്രിന്റ് ചെയ്തുവെന്നോ എന്നു പ്രചാരത്തിൽ കൊണ്ടുവരുമെന്നോ ആർബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2016 നവംബറിലെ നോട്ട് നിരോധനം പോലെ ഇതും പെട്ടെന്നുള്ള പ്രഖ്യാപനമായിരിക്കുമെന്നാണ് സൂചന.
ഇപ്പോൾ പ്രചാരത്തിലുള്ള പുതിയ 500, 2000 രൂപാ കറൻസികളുടെ ഡിസൈനാണ് പുതിയ 50 രൂപയ്ക്കുമുള്ളത്. മഹാത്മാഗാന്ധി സീരീസിലുള്ള ഈ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണർ ഡോ. ഉൗർജിത് പട്ടേലിന്റെ ഒപ്പുമുണ്ട്.
50 രൂപയുടെ പുതിയ കറൻസികൾ പുറത്തിറക്കുമെന്ന് കഴിഞ്ഞ വർഷം പട്ടേൽ പ്രഖ്യാപിച്ചിരുന്നു. നന്പർ പാനലുകളിൽ ഇൻസെറ്റ് ലെറ്റർ ഉൾപ്പെടുത്താതെ പുറത്തിറക്കുന്ന കറൻസിയിൽ പട്ടേലിന്റെ ഒപ്പും പ്രിന്റിംഗ് വർഷം 2016 എന്നും രേഖപ്പെടുത്തുമെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
500 രൂപയുടെ പുതിയ നോട്ടുകൾ ജൂണിലും 20ന്റെ നോട്ടുകൾ ജൂലൈയിലും റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ 2000 രൂപാ കറൻസികളുടെ അച്ചടി നിർത്തിവച്ച് പകരം 500 രൂപയുടെ കൂടുതൽ കറൻസികൾ പുറത്തിറക്കുകയാണ് ഇപ്പോൾ റിസർവ് ബാങ്ക് ചെയ്യുന്നത്. 200 രൂപയുടെ നോട്ടുകൾ വൈകാതെ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമുണ്ട്. 2000 രൂപയുടെ പ്രചാരം തുടരും.
50 രൂപ കറൻസി പുതിയത് വരും
12:18 AM Aug 19, 2017 | Deepika.com