ന്യൂയോർക്ക്: പസഫിക്കിലെ ഗ്വാം ദ്വീപിനു നേർക്ക് ഭൂഖണ്ഡാന്തര മിസൈൽ(ഐസിബിഎം) ആക്രമണം നടത്താനുള്ള പദ്ധതി തത്കാലത്തേക്കു മരവിപ്പിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ തീരുമാനിച്ചത് സ്വാഗതാർഹമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കിം ജോംഗ് ഉൻ ബുദ്ധിപൂർവകവും യുക്തിക്കു നിരക്കുന്നതുമായ തീരുമാനം എടുത്തിരിക്കുന്നു. തീരുമാനം മറിച്ചായിരുന്നെങ്കിൽ അത് ഏറെ ദുരിതപൂർണവും അസ്വീകാര്യവുമാകുമായിരുന്നു-ട്രംപ് ട്വീറ്റു ചെയ്തു.
അടുത്തയിടെ ട്രംപും കിമ്മും തമ്മിലുള്ള വാക് പോര് മൂർച്ഛിച്ചത് യുദ്ധഭീതി ഉണർത്തിയിരുന്നു. പ്രതിസന്ധി തത്കാലത്തേക്ക് എങ്കിലും ഒഴിഞ്ഞതിൽ ഗ്വാം നിവാസികൾ സന്തോഷം പ്രകടിപ്പിച്ചു.
അമേരിക്കൻ സൈനികത്താവളം സ്ഥിതിചെയ്യുന്ന ഗ്വാമിൽ മിസൈൽ വർഷം നടത്തുന്നതു സംബന്ധിച്ചുള്ള പദ്ധതി ചൊവ്വാഴ്ച സൈന്യത്തിലെ മിസൈൽ വിഭാഗം കിമ്മിനു സമർപ്പിച്ചു. പദ്ധതി വിശദമായി പഠിച്ച കിം മിസൈൽ ആക്രമണം നീട്ടിവയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻ എ റിപ്പോർട്ടു ചെയ്തു.
യാങ്കികളുടെ (അമേരിക്കക്കാർ) മണ്ടൻ പെരുമാറ്റം കുറേക്കൂടി നിരീക്ഷിച്ചിട്ടാവാം ആക്രമണകാര്യത്തിൽ തീരുമാനമെടുക്കുന്നത് എന്ന നിലപാടാണു കിം കൈക്കൊണ്ടതെന്ന് കെസിഎൻഎ പറഞ്ഞു.
ഐസിബിഎം ആക്രമണത്തിൽനിന്നു കിം തത്കാലത്തേക്കു പിന്മാറിയ സാഹചര്യത്തിൽ വാഷിംഗ്ടൺ ചർച്ചയ്ക്കു സന്നദ്ധമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ അറിയിച്ചു. ചർച്ച എപ്പോൾ തുടങ്ങണമെന്ന കാര്യം തീരുമാനിക്കേണ്ടതു കിമ്മാണെന്നും ടില്ലേർസൺ പറഞ്ഞു. ഇതിനിടെ വാക്പോരു നിർത്തി സംഘർഷ ലഘൂകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അമേരിക്കയോടും ഉത്തരകൊറിയയോടും ചൈന ആവശ്യപ്പെട്ടു. റഷ്യൻ വിദേശമന്ത്രി ലാവ്റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനീസ് വിദേശമന്ത്രി വാങ് യി നിലപാടു വ്യക്തമാക്കിയത്.
ഈ മാസം 21ന് ദക്ഷിണകൊറിയയും അമേരിക്കയും കൊറിയൻ മേഖലയിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിയേക്കുമെന്നു ലാവ്റോവ് പറഞ്ഞു.
ഇതിനിടെ ഉത്തരകൊറിയൻ പ്രതിസന്ധിയെക്കുറിച്ചു ചർച്ച നടത്താനായി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോർഡ് ബെയ്ജിംഗിലെത്തി. ഉത്തരകൊറിയയുടെ സുഹൃത്തായ ചൈനയാണ് അവർക്ക് എല്ലാപിന്തുണയും നൽകിവന്നിരുന്നത്.
എന്നാൽ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്ക്ക് എതിരേ യുഎൻ രക്ഷാസമിതി ഈയിടെ പാസാക്കിയ സാന്പത്തിക ഉപരോധം നടപ്പാക്കുമെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്.
കിമ്മിന്റെ നിലപാടിൽ അയവ്, സ്വാഗതം ചെയ്ത് ട്രംപ്
12:42 AM Aug 17, 2017 | Deepika.com