ന്യൂഡൽഹി: ഗൂളിൾ തങ്ങളുടെ വോയ്സ് സെർച്ച് കഴിവ് കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇതിൽ മലയാളം, തമിഴ് തുടങ്ങി എട്ട് ഇന്ത്യൻ ഭാഷകൾ വോയ്സ് സെർച്ച് സംവിധാനത്തിൽ ഇടംപിടിച്ചു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഭാഷ ഉപയോഗിച്ച് സ്മാർട്ട്ഫോണിൽ സെർച്ച് ചെയ്യാൻ കഴിയും.
നേരത്തെ ഗൂഗിളിന്റെ ഈ സെർച്ചിംഗ് സംവിധാനത്തിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ മാത്രമായിരുന്നു ഇന്ത്യയിൽ ലഭ്യമായിരുന്നത്. മലയാളവും തമിഴും കൂടാതെ ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തെലുങ്ക്, ഉറുദു ഭാഷകളും വോയിസ് സെർച്ച് സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഗൂഗിൾ ആപ് ഉപയോഗിച്ച് ശബ്ദനിർദേശത്തിലൂടെ ആവശ്യമായ വിവരങ്ങൾ സെർച്ച് ചെയ്യാനുള്ള സംവിധാനം ഇന്നലെ മുതൽ കൂടുതൽ ഭാഷകളിൽ ലഭ്യമാണെന്ന് ഗൂഗിൾ ടെക്നിക്കൽ പ്രോഗ്രാം മാനേജർ ഡാൻ വാൻഎഷ് പറഞ്ഞു. ഇതിനായി ഗൂഗിൾ ആപ്പിലെ വോയ്സ് സെറ്റിംഗ് മെനുവിൽ ഉപയോഗിക്കേണ്ട ഭാഷ ഉപയോക്താവ് തെരഞ്ഞെടുക്കണം. ഇതുവരെ 119 ഭാഷകളായിരുന്നു ആഗോള തലത്തിൽ വോയ്സ് സെർച്ച് സംവിധാനത്തിലുണ്ടായിരുന്നു. ഇപ്പോൾ 30 ഭാഷകൾകൂടി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്റെ വോയ്സ് സെർച്ച്
12:37 AM Aug 15, 2017 | Deepika.com