സിലിക്കൺവാലി: ചൈനീസ് ഓൺലൈൻ മാർക്കറ്റിന്റെ സാധ്യതകൾ മുതലെടുക്കാൻ ഫേസ്ബുക്ക് പുതിയ ആപ് പുറത്തിറക്കി. ഫേസ്ബുക്കിന്റെ പേര് ഒരിടത്തും പരാമർശിക്കാതെയാണ് പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിവരം. "കളർഫുൾ ബലൂൺസ്' എന്ന പേരിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പിന് ഫേസ്ബുക്കിന്റെ മുമെന്റ്സ് ആപ്പിനോട് സാമ്യമുണ്ട്.
സ്മാർട്ട്ഫോണിലെ ഫോട്ടോ ആൽബങ്ങളിൽനിന്ന് ചിത്രങ്ങൾ ഷെയർ ചെയ്യാവുന്ന സംവിധാനത്തിലുള്ള കളർഫുൾ ബലൂണിന്റെ ഡെവലപ്പർ സ്ഥാനത്ത് ചൈനീസ് കമ്പനിയായ യോഗ് ഇന്റർനെറ്റ് ടെക്നോളജിയുടെ പേരാണുള്ളത്. ഫേസ്ബുക്കുമായി യാതൊരുവിധത്തിലുമുള്ള ബന്ധവും പുറത്തറിയിക്കാതിരിക്കാനാണ് ഈ വിധത്തിലുള്ള സംവിധാനങ്ങൾ.
ചൈനീസ് ഇന്റർനെറ്റ് നിയമങ്ങൾ കളർഫുൾ ബലൂൺസിനെ പടിക്കു പുറത്താക്കുമോയെന്ന് വ്യക്തമല്ല. എങ്കിലും വിദേശ ടെക് കന്പനികളുടെ ആപ്ലിക്കേഷനുകൾക്ക് ചൈനയിൽ വിലക്കുണ്ട്. 2009ൽ ഫേസ്ബുക്കിനെ ചൈനയിൽ നിരോധിച്ചിരുന്നു. പിന്നാലെ 2014ൽ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇൻസ്റ്റഗ്രാമിനെയും പുറത്താക്കി. ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിനെ കഴിഞ്ഞ മാസം ചൈനീസ് ഭരണകൂടം ഭാഗികമായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ചൈനയുടെ ഇന്റർനെറ്റ് സെൻസർഷിപ് കാരണം ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ വൻ കമ്പനികൾക്ക് വലിയൊരു മാർക്കറ്റാണ് നഷ്ടമായത്. ചൈനയിൽ 70 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്.
ചൈനീസ് സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ മാസം പ്രധാന ആപ്പുകളെല്ലാം ചൈനയിലെ ആപ് സ്റ്റോറിൽനിന്ന് ആപ്പിൾ നീക്കം ചെയ്തിരുന്നു.
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
12:37 AM Aug 15, 2017 | Deepika.com