സിഡ്നി: ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാർനബി ജോയിസിനു പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ടേക്കും. അദ്ദേഹത്തിന് ഓസീസ് പൗരത്വത്തിനു പുറമേ ന്യൂസിലൻഡ് പൗരത്വവുമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. ഇരട്ടപൗരത്വമുള്ളവർക്ക് എംപി സ്ഥാനം വഹിക്കാനാവില്ലെന്നാണു നിയമം.
രണ്ടു സെനറ്റർമാർക്ക് ഈയിടെ രാജിവയ്ക്കേണ്ടിവന്നത് ഇരട്ടപൗരത്വത്തിന്റെ പേരിലാണ്. ജോയിസ് ജനിച്ചത് ഓസ്ട്രേലിയയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ന്യൂസിലൻഡിൽനിന്ന് ഓസ്ട്രേലിയയിൽ കുടിയേറിയതാണ്. തന്റെ ഇരട്ടപൗരത്വ കാര്യം ഓസ്ട്രേലിയൻ ഹൈക്കോടതിയുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് ജോയിസ് അറിയിച്ചു.
ഇരട്ട പൗരത്വം: ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജോയിസ് കുരുക്കിലായി
12:37 AM Aug 15, 2017 | Deepika.com