ഓട്ടോസ്പോട്ട് /ഐബി
മഴക്കുറവുണ്ടെങ്കിലും നിരത്തുകളിൽ അപകടങ്ങളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. അതാണ് ഇന്നു കേരളത്തിലെ അവസ്ഥ. മികച്ച നിലവാരമുള്ള റോഡുകൾ വന്നപ്പോൾ അപകടങ്ങളുടെ എണ്ണവും കൂടി. മഴയുള്ള സമയത്താണ് അപകടങ്ങളിൽ ഏറിയപങ്കും സംഭവിക്കുന്നത്. വാഹനങ്ങളുടെ വേഗവും നനഞ്ഞുകിടക്കുന്ന റോഡുകളുടെ ഘർഷണ ബലം കുറഞ്ഞതും ഡ്രൈവിംഗിലെ അശ്രദ്ധയുമെല്ലാം അപകടങ്ങൾക്കു കാരണമാകുന്പോൾ നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.
വിൻഡ്സ്ക്രീൻ സൊലൂഷൻ
വാഹനങ്ങളുടെ മുൻ ഗ്ലാസുകൾ വൃത്തിയാക്കാൻ വിൻഡ്സ്ക്രീൻ വൈപ്പർ സൊലൂഷൻ ഉപയോഗിക്കുന്നതാണ് നല്ലത്. വിൻഡ്സ്ക്രീൻ കഴുകുന്നതിനായി വാഹനത്തിലെ ടാങ്കിൽ സോപ്പോ ഷാംപൂവോ ഉപയോഗിക്കരുത്. ഇവ ഉപയോഗിച്ചാൽ മഴക്കാലം കഴിയുന്പോഴേക്കും വൈപ്പറുകൾക്ക് കട്ടി കൂടുകയും വിൻഡ്സ്ക്രീൻ തുടയ്ക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യും. മഴയുള്ളപ്പോൾ വിൻഡ്സ്ക്രീൻ നന്നായി തുടയ്ക്കാനുള്ള ശേഷി വൈപ്പറിന് ആവശ്യമാണ്. വിൻഡ്സ്ക്രീൻ വൈപ്പർ റിസർവോയറിൽ സാധാരണ വെള്ളം സൂക്ഷിച്ചാലും മതിയാകും.
മനിമം ടയർ ഡെപ്ത്
മഴക്കാലത്ത് മാത്രമല്ല ടയറുകളുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധ വേണം. വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് അത് ഒഴിവാക്കാനാവാത്ത ഒന്നാണ്. ടയറിന്റെ ത്രെഡിന്റെ ആഴം നിർദേശിച്ചിരിക്കുന്നതിലും കുറവാണെന്നു തോന്നിയാൽ മാറണം.
അക്വാപ്ലാനിംഗ്
മഴക്കാലങ്ങളിൽ അക്വാപ്ലാനിംഗ് അല്ലെങ്കിൽ ഹൈഡ്രോ പ്ലാനിംഗ് എന്താണെന്ന് അറിഞ്ഞിരിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ വാഹനങ്ങളുടെ ടയറിന്റെ ആരോഗ്യമാണ് അക്വാപ്ലാനിംഗിലൂടെ അർഥമാക്കുന്നത്.
ടയറും റോഡും തമ്മിലുള്ള ബന്ധത്തിനിടയിലെ വെള്ളമാണ് അക്വാപ്ലാനിംഗിന്റെ ആധാരം. വെള്ളത്തിന്റെ അളവ് ഉയരുന്നതനുസരിച്ച് വാഹനങ്ങളുടെ ഗതിയിൽ മാറ്റമുണ്ടാകും. ഡ്രൈവറുടെ നിയന്ത്രണത്തിൽനിന്നു വാഹനം വ്യതിചലിക്കാറുമുണ്ട്.
ടയറുകൾക്ക് ആവശ്യമായ ത്രെഡ് ഉണ്ടെങ്കിൽ ഈ സാഹചര്യം നല്ലൊരു ശതമാനം കുറയ്ക്കാം. ത്രെഡിന്റെ കനം കുറയുന്തോറും അപകടങ്ങൾക്ക് സാധ്യത കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മഴയുള്ളപ്പോൾ വാഹനങ്ങൾക്ക് വേഗം കൂട്ടരുത്.
ഡിഫോഗർ
മഴക്കാലത്ത് ഡ്രൈവ് ചെയ്യാൻ എത്ര താത്പര്യമുണ്ടെങ്കിലും വിൻഡ്ഷീൽഡിലും വിൻഡോകളിലും ഈർപ്പം പറ്റിപ്പിടിക്കുന്പോൾ ഡ്രൈവിംഗ് വിരസത നല്കുമെന്നത് ഉറപ്പാണ്. വാഹനത്തിന് ഉള്ളിലെയും പുറത്തെയും താപനിലകൾ തമ്മിലുള്ള അന്തരമാണ് ഈ ഈർപ്പത്തിനു കാരണം.
ആധുനിക കാറുകൾക്ക് ഓട്ടോമാറ്റിക് എച്ച് വിഎസി (ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷണിംഗ്) സംവിധാനങ്ങളുണ്ട്. ഈർപ്പം ഇല്ലാതാക്കാൻ ഈ സംവിധാനം ഉപകരിക്കും. കൂടാതെ റിയർ ഡിഫോഗറും, ഓട്ടോമാറ്റിക് ക്രൈമറ്റ് കണ്ട്രോൾ യൂണിറ്റും വാഹനത്തിലെ ഈർപ്പം അനായാസം ഇല്ലാതാക്കും.
എന്നാൽ, പഴയ മോഡലുകളിലോ? ഉള്ളിലേക്കുള്ള വായു കടക്കുന്ന വിധത്തിൽ വിൻഡോകൾ ചെറുതായി തുറന്നിടുന്നത് നല്ലതാണ്. കൂടാതെ ഉണങ്ങിയ തുണി ഉപയോഗിച്ച് കൈകൊണ്ട് വിൻഡ്സ്ക്രീൻ തുടയ്ക്കുകയുമാകാം.
ഫോഗ് ലാന്പുകൾ
ചുറ്റുപാടുകൾ ഡ്രൈവിംഗ് സൗഹൃദമല്ലെങ്കിൽ ഏറ്റവും ഉപകാരപ്രദമായ സുരക്ഷാഫീച്ചറാണ് ഫോഗ് ലാന്പുകൾ. വലിയ വാഹനങ്ങളുള്ള പലർക്കും ഫോഗ് ലാന്പുകൾ വെറുമൊരു ആഢംബര ഭാഗമാണ്. എന്നാൽ, മഴയും മഞ്ഞുമുള്ള സാഹചര്യങ്ങളിൽ റോഡ് വ്യക്തമായി ദൃശ്യമാക്കാൻ ഫോഗ് ലാന്പുകൾക്കു കഴിയും.
ഹെഡ് ലാന്പുകളുമായി താരതമ്യപ്പെടുത്തിയാൽ ഫോഗ്ലാന്പുകളുടെ പ്രകാശരശ്മിക്ക് ദൈർഘ്യം കുറവാണ്. അതുകൊണ്ടുതന്നെ ഹെഡ്ലൈറ്റുകൾ തോൽക്കുന്ന സമയങ്ങളിൽ ഫോഗ് ലാന്പുകൾ ഡ്രൈവർക്ക് സഹായകമാകും.
പ്രകാശരശ്മികൾക്ക് ദൈർഘ്യം കുറവായതുകൊണ്ടുതന്നെ ഫോഗ് ലാന്പുകൾ പ്രകാശം പ്രതിഫലിപ്പിക്കില്ല. റിയർ ഫോഗ് ലാന്പുകൾ പിന്നിൽ വരുന്ന വാഹനത്തിന് മുന്നിലെ വാഹനം വക്തമായി കാണുന്നതിന് വളിയൊരുക്കുകയും ചെയ്യും.
വെള്ളം കെട്ടിനിൽക്കുന്ന റോഡുകൾ
ഡ്രെയിനേജ് സംവിധാനത്തിന്റെ അപാകതകൾകൊണ്ട് ഇന്ന് പല റോഡുകളിലും വെള്ളം കെട്ടിനിൽക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഫസ്റ്റ് ഗിയറിൽ ഹാഫ് ക്ലച്ച് ഉപയോഗിച്ച് സാവധാനം മുന്നോട്ടു പോകുന്നതാണ് നല്ലത്. വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും കടക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കും. കൂടാതെ വെള്ളമുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്പോൾ എയർ കണ്ടീഷനിംഗ് സംവിധാനം ഓഫ് ചെയ്യുന്നതാണ് നല്ലത്.
ആവശ്യമായ മുൻകരുതലുകളെടുത്താൽ മഴക്കാല ഡ്രൈവിംഗ് മികച്ച അനുഭവമാക്കി മറ്റാം, അപകടരഹിത സീസണുമാക്കാം.
കൂടുതൽ കരുതൽ വേണം, ഈ മഴക്കാലത്ത്
01:26 AM Aug 13, 2017 | Deepika.com