വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനത്തിനു മുകളിൽ റഷ്യൻ ചാരവിമാനം പറന്നു.
പ്രതിരോധ ആസ്ഥാനമായ പെന്റഗണും പാർലമെന്റ് ആസ്ഥാനമായ കാപിറ്റോൾ മന്ദിരവും ഉൾപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ അതീവ സുരക്ഷാ മേഖലയ്ക്കു മുകളിലൂടെയാണ് റഷ്യൻ വ്യോമസേനയുടെ ടുപുലോവ് ടിയു-154 വിമാനം ബുധനാഴ്ച പറന്നത്.
താഴ്ന്നു പറക്കുന്ന വലിയ വിമാനം ബുധനാഴ്ച രാവിലെ 11നും മൂന്നിനും ഇടയ്ക്ക് കാപ്പിറ്റോൾ മന്ദിരത്തിനു മുകളിലെത്തുമെന്ന മുന്നറിയിപ്പ് കാപിറ്റോൾ പോലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആരുടെ വിമാനമാണെന്നു വ്യക്തമാക്കിയിരുന്നില്ല.
സുതാര്യതയും ആയുധനിയന്ത്രണവും ലക്ഷ്യമിട്ടുള്ള ‘ഓപ്പൺ സ്കൈ’ ധാരണ പ്രകാരം അമേരിക്കൻ ആകാശത്ത് നിരീക്ഷണ വിമാനം പറത്താൻ റഷ്യക്ക് അവകാശമുണ്ട്.
റഷ്യയടക്കം 32 രാജ്യങ്ങളുമായി അമേരിക്ക ഈ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയും മറ്റു രാജ്യങ്ങളിൽ നിരീക്ഷണം നടത്താറുണ്ട്.
അമേരിക്കയുടെ ആകാശത്തു നിരീക്ഷണം നടത്തുന്പോൾ അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥർ വിമാനത്തിൽ ഉണ്ടായിരിക്കണം. ഓപ്പൺ സ്കൈ ധാരണയെ റഷ്യ മുതലെടുക്കുകയാണെന്നാണ് അമേരിക്കൻ സേനയുടെ നിലപാട്.
വാഷിംഗ്ടൺ ഡിസിക്കു മുകളിൽ ചാരവിമാനം പറത്തി റഷ്യ
12:12 AM Aug 11, 2017 | Deepika.com