പൂനെ: പ്രമുഖ ഇരുചക്ര വാഹനനിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് (ബാൽ) യൂറോപ്യൻ സൂപ്പർബൈക്ക് ബ്രാൻഡ് ആയ ഡുക്കാട്ടിയെ ഏറ്റെടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കമ്പനിയിലെ നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിലാണ് എംഡി രാജീവ് ബജാജ് പുതിയ സഹകരണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പ്രഖ്യാപിച്ചേക്കും. എന്നാൽ, ഏറ്റെടുക്കൽ ചർച്ചകൾ നടക്കുന്നത് ഏത് ബ്രാൻഡുമായിട്ടാണെന്നത് ബജാജ് ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസം മുന്പ് ഹാർലി ഡേവിഡ്സണും ബജാജും ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള ഒൗഡിയുടെ ഇരുചക്ര ബ്രാൻഡായ ഡുക്കാട്ടി മോട്ടോർബൈക്ക് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഡുക്കാട്ടിയെ ഏറ്റെടുക്കാൻ ഹീറോ മോട്ടോ കോർപ്പും റോയൽ എൻഫീൽഡും സന്നദ്ധത അറിയിച്ചിരുന്നു.
അതേസമയം, ഇറ്റലിയിൽത്തന്നെ ഡുക്കാട്ടിയെ കൈമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജാജ് ഓട്ടോയിൽ 48 ശതമാനം ഓഹരിയുള്ള കെടിഎമ്മിന് സാധ്യതകൾ ഏറെയുണ്ടെന്ന് ഒരു ഇറ്റാലിയൻ വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. അതുകൊണ്ടുതന്നെ ഏറ്റെടുക്കലിന് ബജാജിനാണ് ഏറെ സാധ്യതയുള്ളത്.
ഡുക്കാട്ടിയെ ബജാജ് ഏറ്റെടുത്തേക്കും
12:17 AM Jul 23, 2017 | Deepika.com