വാഷിംഗ്ടൺ ഡിസി: ജർമനിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഉച്ചകോടിക്കിടെ ജൂലൈ ഏഴിന് ഔദ്യോഗികമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണിത്. രണ്ടാമത്തെ കൂടിക്കാഴ്ച തീർത്തും സ്വകാര്യമായിരുന്നു. ഇതോടെ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നു.
ഓദ്യോഗിക കൂടിക്കാഴ്ച നടത്തിയ ദിവസംതന്നെയാണ് രണ്ടാമതും ഇരുവരും കണ്ടതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജി-20 നേതാക്കൾക്കായുള്ള അത്താഴത്തിനിടെയാണ് ഇരുവരും വീണ്ടും സംസാരിച്ചത്. ട്രംപ് സീറ്റിൽനിന്ന് എഴുന്നേറ്റ് പുടിന്റെ അടുത്ത് ചെന്നിരിക്കുകയായിരുന്നു. പുടിൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വ്യാഖ്യാതാവിനൊപ്പമായിരുന്നു എന്നും ട്രംപ് തനിച്ചാണു ചെന്നതെന്നും പത്രം റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവന്നതോടെ വൈറ്റ്ഹൗസ് വിശദീകരണവുമായി രംഗത്തെത്തി. പുടിനുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച ആയിരുന്നില്ല അതെന്നും ഒരു ചെറിയ സംഭാഷണം മാത്രമായിരുന്നു അതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ജി-20 ഉച്ചകോടിക്കിടെ ട്രംപും പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി
12:32 AM Jul 20, 2017 | Deepika.com