ബെയ്ജിംഗ്: വാണിജ്യാടിസ്ഥാനത്തിൽ വിലകുറഞ്ഞ ഡ്രോണുകൾ (ആളില്ലാ യുദ്ധ വിമാനം) നിർമിക്കാൻ ചൈന പദ്ധതിയിട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ ഡ്രോൺ വ്യവസായത്തിനു ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ചൈനീസ് ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു. അമേരിക്കൻ വ്യോമസേനയുടെ എംക്യു- 9 റീപ്പറിനു ബദലായി സിഎച്ച്- 5 റെയിൻബോ ഡ്രോണുകളാണു ചൈന നിർമിക്കാൻ തുടങ്ങിയിരിക്കുന്നത്.
സിഎച്ച്-5 റെയിൻബോയുടെ പരീക്ഷണം വിജയകരമായിരുന്നെന്നും കയറ്റുമതിക്കു തയാറായിക്കഴിഞ്ഞെന്നും ചൈനയിലെ ബെയ്ഹാങ് സർവകലാശാലയിലെ സ്കൂൾ ഓഫ് എയ്റോനോട്ടിക് സയൻസ് ആൻഡ് എൻജിനിയറിംഗിലെ അസോസിയേറ്റ് പ്രഫ. വാങ് സോംഗ് പറഞ്ഞു. എംക്യു-9 റീപ്പർ ഡ്രോണുകളുടെ ഉത്പാദനച്ചെലവിന്റെ പകുതിയേ സിഎച്ച്-5ന് വരുകയുള്ളൂ എന്നാണ് വാങ് സോംഗിന്റെ അവകാശം.
എംക്യു-9നോട് താരതമ്യം ചെയ്യുന്പോൾ സിഎച്ച്-5ന് അതിന്റേതായ പോരായ്മകൾ ഉണ്ടെന്ന് വാങ് സമ്മതിക്കുകയും ചെയ്തു. റീപ്പർ ഡ്രോണുകൾക്ക് 12,000 മുതൽ 15,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാകും. എന്നാൽ, 9000 മീറ്റർ ഉയരത്തിൽ പറക്കാനേ സിഎച്ച്-5ന് സാധിക്കൂ. ശക്തികുറഞ്ഞ എൻജിനാണു ചൈനയുടെ ഡ്രോണിലുള്ളതെന്നും ഹോങ്കോംഗിൽനിന്നുള്ള സൗത്ത് ചൗന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈന വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ നിർമിക്കുന്നു
12:35 AM Jul 19, 2017 | Deepika.com