ലണ്ടൻ: ബ്രിട്ടനിലെ പ്രഥമ സിക്ക് വനിതാ എംപിയ പ്രീത് കൗർ ഗിൽ ഭരണത്തിൽ വലിയ പ്രാധാന്യമുള്ള പാർലമെന്റ് സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹൗസ് ഓഫ് കോമൺസിന്റെ ആഭ്യന്തരവകുപ്പ് സെലക്ട് കമ്മിറ്റിയിലാണ് നാല്പത്തിനാലുകാരി ഇടംപിടിച്ചത്. എഡ്ജ്ബാസ്റ്റൺ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രീത് പ്രതിപക്ഷമായ ലേബർ പാർട്ടിക്കാരിയാണ്.
ആഭ്യന്തര വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് അന്വേഷണവും തെളിവെടുപ്പും നടത്താൻ അധികാരമുള്ള 11 അംഗ കമ്മിറ്റിയാണിത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി നല്കുന്ന റിപ്പോർട്ടിൽ രണ്ടു മാസത്തിനകം സർക്കാർ പ്രതികരണം അറിയിച്ചിരിക്കണം. ലേബർ പാർട്ടിയുടെ തന്നെ യുവെറ്റെ കൂപ്പറാണ് അധ്യക്ഷൻ. കമ്മിറ്റിയെ ഏറ്റവും കൂടുതൽ കാലം നയിച്ച ഇന്ത്യൻ വംശജനായ കീത് വാസ് കഴിഞ്ഞ വർഷം സ്ഥാനം ഒഴിഞ്ഞു.
ബ്രിട്ടനിലെ സിക്കുകാർക്കായുള്ള ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷയായും പ്രീത് കൗറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മറ്റൊരു പ്രമുഖ ഇന്ത്യൻ എംപി വീരേന്ദർ ശർമ, ഇന്തോ-ബ്രിട്ടീഷ് ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജയായ സീമ മൽഹോത്രയാണ് ഉപാധ്യക്ഷ. ഇരുവരും ലേബർ പാർട്ടിക്കാരാണ്.
പ്രീത് കൗർ ബ്രിട്ടീഷ് പാർലമെന്റിലെ സുപ്രധാന കമ്മിറ്റിയിൽ
12:35 AM Jul 19, 2017 | Deepika.com