ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ജനറൽസെക്രട്ടറി ഷി ചിൻപിംഗ് വീണ്ടും എതിരാളികളെ വെട്ടിനിരത്തുന്നു. ചോങ്കിംഗ് നഗരത്തിലെ പാർട്ടി സെക്രട്ടറി സൺ ചെങ്കായിയുടെ സ്ഥാനചലനം ഇതിന്റെ ഭാഗമാണ്. സണിനു പകരം ചെൻ മൈനറെ അവിടെ പാർട്ടി സെക്രട്ടറിയാക്കി.
പോളിറ്റ്ബ്യൂറോ അംഗമാണ് അന്പത്തിമൂന്നു വയസുള്ള സൺ. ഈ ഒക്ടോബർ-നവംബറിൽ നടക്കുന്ന 19-ാം പാർട്ടി കോൺഗ്രസിൽ സൺ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഉയർത്തപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നതാണ്. ലി കെചിയാംഗ് വിരമിക്കുന്പോൾ പ്രധാനമന്ത്രിയാകാനും തുടർന്നു പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആകാനും സാധ്യതയുള്ളവരിൽ സൺ മുൻനിരയിലായിരുന്നു.
സണിനെ മാറ്റിയതിനു വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ പദവിയും നൽകിയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗത്വം കളഞ്ഞിട്ടുമില്ല.സണിനെതിരേ അന്വേഷണം നടക്കുന്നതായി ഹോങ്കോംഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൈക്കൂലിയാണോ അച്ചടക്കലംഘനമാണോ വിഷയം എന്നു വ്യക്തമല്ല.
2012ൽ പാർട്ടി കോൺഗ്രസിനു തൊട്ടുമുൻപ് ചോങ്കിംഗിലെ പാർട്ടി മേധാവിയും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബോ ഷിലായിയുടെ മേൽ കുറ്റം ചുമത്തിയത് ഇപ്പോൾ പലരും അനുസ്മരിക്കുന്നു. ബോയെ പിന്നീട് കേസിൽ ശിക്ഷിച്ചു പോളിറ്റ്ബ്യൂറോയിൽനിന്നു പുറത്താക്കി. ബോയുടെ ഭാര്യയും ശിക്ഷിക്കപ്പെട്ടു. അന്ന് ഷി ചിൻപിംഗിന് എതിരാളിയായി കണക്കാക്കപ്പെട്ടിരുന്നയാളാണ് ബോ.
സൺ എതിരാളിയായി ഇതുവരെ ചിത്രീകരിക്കപ്പെട്ടിരുന്നില്ല. അഞ്ചാംതലമുറക്കാരായ ഷിക്കും ലിക്കുംശേഷം ആറാം തലമുറയിൽനിന്നു പ്രതീക്ഷിച്ചിരുന്ന രണ്ടു നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു. മറ്റേയാൾ ഗ്വാംഗ്ഡോംഗിലെ പാർട്ടി മേധാവി ഹു ചിൻഹുവയാണ്.
സണും ഹുവും ഈ മാസങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ പരിപാടിയിട്ടിരുന്നതാണ്. ഹു കഴിഞ്ഞമാസം ബ്രിട്ടനും മറ്റും സന്ദർശിച്ചു. സണിന്റെ യാത്ര നടന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കുശേഷം ചൈനീസ് മാധ്യമങ്ങളിൽ സണിന്റെ പടമോ പ്രസംഗമോ പേരോ വന്നിട്ടില്ല. എന്താണ് സണിനെ അനഭിമതനാക്കിയതെന്നു വ്യക്തമല്ല.
ലോകത്തിലെ ലാപ്ടോപുകളിൽ 35 ശതമാനം നിർമിക്കുന്നത് ചോങ്കിംഗിലാണ്. ഹ്യൂളറ്റ് പക്കാർഡ്, ഫോക്സ്കോൺ, അസൂസ്, ഏസർ എന്നിവയ്ക്ക് ഇവിടെ വലിയ ഫാക്ടറികളുണ്ട്. ബെയ്ജിംഗും ഷാങ്ഹായിയും പോലെ ചോങ്കിംഗിലും സിറ്റിക്ക് പ്രത്യേക ഭരണസംവിധാനവും പാർട്ടി സംവിധാനവുമുണ്ട്. ഇവിടെ പാർട്ടി മേധാവിയാകുന്നയാൾ പോളിറ്റ്ബ്യൂറോയിൽ ഉണ്ടാകുന്നതാണു പതിവ്. പുതിയ പാർട്ടി മേധാവി ചെൻ മൈനർ അടുത്ത പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്ക് ഉയർത്തപ്പെടാം.
ഷി ചിൻപിംഗ് വീണ്ടും വെട്ടിനിരത്തുന്നു
12:40 AM Jul 18, 2017 | Deepika.com