ന്യൂയോർക്ക്/മുംബൈ: ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്. ഈ സാന്പത്തികവർഷംതന്നെ അമേരിക്കയിലെ കന്പനിയുടെ ആദ്യ നിർമാണയൂണിറ്റ് പ്രവർത്തനം തുടങ്ങുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വാഹനനിർമാണ കമ്പനി അമേരിക്കയിൽ യൂണിറ്റ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഓഫ് റോഡ് യൂട്ടിലിറ്റി വാഹനങ്ങൾക്കു പ്രാധാന്യം നല്കിയായിരിക്കും അമേരിക്കയിൽ പ്രവർത്തനം തുടങ്ങുക. ലോകത്തിലെ ഏറ്റവും വലിയ വാഹന മാർക്കറ്റായതിനാലാണ് മഹീന്ദ്ര അമേരിക്കയെ ലക്ഷ്യംവച്ചത്.
150 കോടി ഡോളർ മുതൽ മുടക്കി 250 കോടി വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. 3,000 പേർക്ക് തൊഴിലവസരവും സൃഷ്ടിക്കും. കമ്പനിയുടെ നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിൽ തയാറാക്കിയ ഡിസൈനിലായിരിക്കും ഓഫ് റോഡ് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുക.
വർഷംതോറും ചുരുങ്ങിയ അളവിൽ വാഹനങ്ങൾ ഇറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ഹൈവേയിൽ പ്രവേശിക്കാനുള്ള അനുമതിയില്ലാത്തതിനാൽ വലിയ അളവിലുള്ള ഉത്പാദനം ലക്ഷ്യമിടുന്നില്ലെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എംഡി പവൻ ഗോയങ്ക പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
12:40 AM Jul 18, 2017 | Deepika.com