കൊച്ചി: ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) നിലവിൽ വരുന്നതിനോടനുബന്ധിച്ചു ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കലൂർ സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന സമ്മേളനം ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും.
കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മേയർ സൗമിനി ജെയിൻ, സെൻട്രൽ ടാക്സ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിൻഹാജ് അലം എന്നിവർ പ്രസംഗിക്കും. ജില്ലയിലെ എംഎൽഎമാർ, വ്യാപാരി വ്യവസായി എകോപന സമിതിയുടെ പ്രതിനിധി ടി. നസറുദ്ദീൻ, വ്യാപാരവ്യവസായ സമിതിയുടെ പ്രതിനിധി ഇ.എസ്. ബിജു, എറണാകുളം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ രാജ സേതുനാഥ്, കേരള മർച്ചന്റ്സ് ചേന്പർ ഓഫ് കൊമേഴ്സ് പ്രതിനിധി വി.എ. യൂസഫ്, വാണിജ്യനികുതി കമ്മീഷണർ ഡോ. രാജൻ എൻ. ഖോബ്രഗഡെ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനചടങ്ങിനു ശേഷം വൈകുന്നേരം നാലിനുള്ള ടെക്നിക്കൽ സെഷനിലും ധനമന്ത്രി പങ്കെടുക്കും.
ജിഎസ്ടിയിലേക്കു മാറുന്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ, ജിഎസ്ടി നിയമം തുടങ്ങിയവയെക്കുറിച്ചു വാണിജ്യനികുതി വകുപ്പ്, സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫീസർമാരുമായി ആശയവിനിമയത്തിന് അവസരമുണ്ടായിരിക്കും.
സെൻട്രൽ ടാക്സ് ചീഫ് കമ്മീഷണർ നാഗേന്ദ്ര കുമാർ മോഡറേറ്ററായിരിക്കും.
ജിഎസ്ടി: ഉദ്ഘാടനയോഗം കലൂരിൽ ജൂലൈ ഒന്നിന്
12:00 AM Jun 29, 2017 | Deepika.com