ഇസ്ലാമാബാദ്: ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കിയ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചും ഇന്ത്യയെ പരിഹസിച്ചും പാക് സൈന്യത്തിന്റെ ആഹ്ലാദ പ്രകടനം. ബലൂചിസ്ഥാനിലെയും കാഷ്മീരിലെയും ജനങ്ങളുടെ ആഹ്ലാദപ്രകടനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യയെ കളിയാക്കാൻ പാക് സൈന്യം ട്വിറ്ററിൽ ഉപയോഗിച്ചു. ആരാണോ കാണേണ്ടത് അവർക്കായി എന്ന തലക്കെട്ടോടെയാണു ബലൂചിസ്ഥാനിലെയും കാഷ്മീരിലെയും യുവാക്കളുടെ ആഹ്ലാദപ്രകടനം പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തത്.
പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ വിരലുയർത്തി വിജയചിഹ്നം കാണിച്ച് നിൽക്കുന്ന ചിത്രവും പട്ടാളക്കാർ ആനന്തനൃത്തം വയ്ക്കുന്നതും ഷെയർ ചെയ്തിട്ടുണ്ട്.
ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ മനുഷ്യാവകാശലംഘനം നടത്തുകയാണെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതിനു മറുപടിയായാണ് പാക് സൈന്യത്തിന്റെ പരിഹാസം.
ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
12:12 AM Jun 20, 2017 | Deepika.com