കൊച്ചി: ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് 30 സെക്കൻഡിൽ 1500 മണ്‍ചെരാതുകൾ തെളിച്ച് ലുലു മാൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടംപിടിച്ചതായി അധികൃതർ അറിയിച്ചു. ഒരു വേദിയിൽ ഏറ്റവും കൂടുതൽ എണ്ണവിളക്കുകൾ തെളിച്ചതിനുള്ള റിക്കാർഡാണ് ലുലു മാൾ സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സന്ദേശ് ഫോർ സോൾജിയേഴ്സ്’ എന്ന ദീപാവലി കാംപയിനിന് ഐകദാർഢ്യം പ്രഖ്യാപിച്ചാണ് 2016 ഒക്ടോബറിൽ ലുലു മാളിലെ സ്റ്റാഫും മാനേജ്മെന്റും അഭ്യുദയകാംക്ഷികളും ചേർന്ന് 30 സെക്കൻഡിൽ 1500 മണ്‍ചെരാതുകൾ തെളിയിച്ചത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിവസം കേന്ദ്ര വികലാംഗ ശാക്തീകരണ മന്ത്രാലയവും അലിംകോയും ചേർന്ന് ഒരു വേദിയിൽ 989 എണ്ണ വിളക്കുകൾ തെളിച്ചതിന്റെ റിക്കാർഡാണ് ലുലു മാൾ മറികടന്നത്. രണ്ടു ലോക റിക്കാർഡുകളും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ് പറഞ്ഞു. ഇതോടൊപ്പം അഞ്ച് മിനിറ്റിനുള്ളിൽ 5,500 നെയ് വിളക്കുകൾ തെളിച്ച് ലുലു മാൾ ഏഷ്യാ ബുക്ക് ഓഫ് റിക്കാർ ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടം നേടിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു മാളിലെ ലുലു ഇവന്റ്സ് ആണ് പരിപാടികൾ സംഘടിപ്പിച്ചത്.
ലുലു മാളിനു ഗിന്നസ് ലോക റിക്കാർഡ്
12:23 AM Jun 17, 2017 | Deepika.com