മുംബൈ: ഫിന്നിഷ് ടെലികോം കമ്പനി എച്ച്എംഡി ഗ്ലോബൽ പുതിയ നോകിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 7.0 നോഗയിൽ പ്രവർത്തിക്കുന്ന നോകിയ 6, നോകിയ 5, നോകിയ 3 എന്നീ മൂന്നു മോഡലുകളാണ് ഇന്നലെ നടന്ന ചടങ്ങിൽ എച്ച്എംഡി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിലെത്തിയ ഫോണുകൾ വൈകാതെതന്നെ തദ്ദേശീയമായി ഉത്പാദിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നോകിയ 3, നോകിയ 5 എന്നീ മോഡലുകൾ ഓഫ്ലൈൻ ആയി കടകളിലൂടെ വില്പനയ്ക്കെത്തുന്പോൾ നോകിയ 6 ആമസോൺ ഇന്ത്യയിലൂടെ മാത്രമാണ് വിൽക്കുന്നത്.
മൂന്നു സ്മാർട്ട്ഫോൺ മോഡലുകളും 4ജി വോൾട്ട്ഇ സപ്പോർട്ട് ചെയ്യുന്നവയാണ്. ഇപ്പോൾ ആൻഡ്രോയിഡ് നോഗ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നതാണെങ്കിലും അടുത്ത വേർഷനായ ഒയിലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
നോകിയ 6ന് 14,999 രൂപയാണ് വില. വില്പന ജൂലൈ 14ന് തുടങ്ങുമെന്നാണ് കമ്പനി നല്കുന്ന സൂചന. നോകിയ 5ന് 12,899 രൂപയും നോകിയ 3ന് 9,499 രൂപയുമാണ് വില. രാജ്യത്തെ തെരഞ്ഞെടുത്ത ഒൗട്ട്ലെറ്റുകളിൽ ജൂലൈ ഏഴു മുതൽ നോകിയ 5 ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. വില കുറഞ്ഞ നോകിയ 3 വെള്ളിയാഴ്ച മുതൽ വിപണിയിൽ ലഭിച്ചുതുടങ്ങും. പ്രീ ബുക്കിംഗിന്റെ ആവശ്യമില്ല.
നോകിയ 6 വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ആമസോൺ പേ ഉപയോഗിച്ച് ഓൺലൈനായി നോകിയ 6 വാങ്ങുന്നവർക്ക് 1000 രൂപ കാഷ് ബാക്ക് ലഭിക്കും. വോഡഫോൺ വരിക്കാർക്ക് അഞ്ചു മാസത്തേക്ക് പ്രതിമാസം 249 രൂപാ നിരക്കിൽ 10 ജിബി ഡാറ്റാ നോകിയ 6ലൂടെ ലഭിക്കും. നോകിയ 5, നോകിയ 3 ഉടമകൾക്ക് വോഡഫോൺ വരിക്കാർ ആണെങ്കിൽ മൂന്നു മാസത്തേക്ക് പ്രതിമാസം 149 രൂപ നിരക്കിൽ 5 ജിബി ഡാറ്റ ലഭിക്കും.
നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
12:34 AM Jun 14, 2017 | Deepika.com