കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് 2016-17 സാമ്പത്തികവര്‍ഷത്തില്‍ 276.72 കോടി രൂപ മൊത്ത വരുമാനം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 223.42 കോടി രൂപയെ അപേക്ഷിച്ച് 23.86 ശതമാനം അധിക വളര്‍ച്ചയാണ് ഇത്തവണ നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കൈവരിച്ച 46.87 കോടി രൂപയില്‍നിന്ന് 33.45 ശതമാനം വര്‍ധിച്ച് 62.55 കോടി രൂപയായി.
അതേസമയം, സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 59.82 കോടി രൂപയില്‍നിന്ന് 44.70 ശതമാനം കുറഞ്ഞ് 33.07 കോടിയായി. അവസാന പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3.44 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 54.56 ശതമാനം കുറവാണിത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാര്ക്കുകളിൽനിന്നുള്ള വരുമാനം 212.79 കോടി രൂപയില്‍നിന്ന് 24.40 ശതമാനം വര്‍ധിച്ച് 264.75 കോടി രൂപയായി ഉയര്‍ന്നു. അവസാന പാദത്തില്‍ ഇത് 44.39 കോടി രൂപയില്‍നിന്ന് 35.16 ശതമാനം വര്‍ധിച്ച് 60 കോടി രൂപയായി ഉയര്‍ന്നു. അവസാന പാദത്തില്‍ വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ 25.80 ശതമാനം വളര്‍ച്ചയാണുണ്ടായത്. മൊത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 22.36 ലക്ഷത്തില്‍നിന്നും 18.90 ശതമാനം ഉയര്‍ന്ന് 26.59 ലക്ഷമായി.
സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തിലെ പ്രകടനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
വണ്ടര്‍ലായ്ക്ക് 23.86 ശതമാനം വളര്‍ച്ച
11:56 PM May 24, 2017 | Deepika.com