ലണ്ടൻ: മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ച് ഗായിക അരിയാന ഗ്രാൻ ഡെ. ‘തകർന്നു, ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് സോറി പറയുന്നു. എനിക്കു വാക്കുകളില്ല’- മാഞ്ചസ്റ്ററിൽ ആരാധകരെ ഹരംകൊള്ളിച്ച ഗായിക ആക്രമണവാർത്ത അറിഞ്ഞശേഷം ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 10.35ന് മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരി കഴിഞ്ഞ് ഇരുപത്തിമൂന്നുകാരിയായ ഗായിക സ്റ്റേജ് വിട്ടയുടനെയായിരുന്നു സ്ഫോടനം. ബൈ ബൈ മാഞ്ചസ്റ്റർ എന്നു പറഞ്ഞാണ് അരിയാന സ്റ്റേജ് വിട്ടതെന്നും ലൈറ്റുകൾ അണഞ്ഞയുടൻ രണ്ടു സ്ഫോടനങ്ങളുണ്ടായെന്നും ദൃക്സാക്ഷിയായ മജീദ് ഖാൻ ബിബിസിയോടു പറഞ്ഞു.
വ്യാഴാഴ്ച രാത്രി ലണ്ടനിൽ നടത്താനിരുന്ന കച്ചേരി റദ്ദാക്കിയതായി ഗായിക അറിയിച്ചു. ബൽജിയം, പോളണ്ട്, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പര്യടനവും റദ്ദാക്കി. അമേരിക്കൻ പോപ്പ് ഗായികയും നടിയും നർത്തകിയുമായ ആര്യാന 1993ൽ ഫ്ളോറിഡയിലാണു ജനിച്ചത്.
എംടിവി മ്യൂസിക് അവാർഡ് ഉൾപ്പെടെ മൂന്ന് സംഗീത അവാർഡുകൾ നേടിയ അരിയാനയുടെ മൂന്നാമത്തെ ആൽബം ഡെയിഞ്ചറസ് വുമൻ കഴിഞ്ഞവർഷമാണു പുറത്തിറങ്ങിയത്.
തകർന്നുപോയി: അരിയാന ഗ്രാൻഡെ
12:05 AM May 24, 2017 | Deepika.com