കൊച്ചി: അവധിക്കാല ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുന്നതിന് വണ്ടര്‍ലായില്‍ സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ആരംഭിച്ച -സമ്മര്‍ ഫിയസ്റ്റ- 31 വരെ തുടരും. സംഗീതത്തിന്റെ അകമ്പടിയോടെ നര്‍ത്തകര്‍ക്കൊപ്പം പാര്‍ക്കിലെ വിവിധ കലാരൂപങ്ങള്‍ ചുവടുവച്ചു നീങ്ങുന്ന വര്ണപ്പകിട്ടാര്ന്ന ഘോഷയാത്രയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.
വ്യത്യസ്തമാര്‍ന്ന 55 റൈഡുകള്‍ക്കൊപ്പം ആഘോഷങ്ങളുടെ ഭാഗമായി ദിവസേന വൈകുന്നേരം അഞ്ചു മുതല്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ അരങ്ങേറുന്ന കലാസംഗീത മേളയില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ നര്‍ത്തകരുടെ പ്രകടനവും ഉണ്ടായിരിക്കും. ഒപ്പം, നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. സമ്മര്‍ ആഘോഷങ്ങളുടെ ഭാഗമായി പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം വൈകുന്നേരം എട്ടു വരെ ദീർഘിപ്പിച്ചു.
ശുചിത്വവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി ഉല്ലാസപ്രദമായ രീതിയില്‍ റൈഡുകള്‍ ആസ്വദിക്കുന്നതിന് പൂര്‍ണമായും സിന്തറ്റിക് അല്ലെങ്കില്‍ നൈലോണ്‍ നിര്‍മിതമായ അനുവദനീയ വസ്ത്രങ്ങള്‍ മാത്രമേ വാട്ടര്‍ പാര്‍ക്കിനുള്ളില്‍ ഉപയോഗിക്കാവൂ. വസ്ത്രധാരണ നിബന്ധനകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പാര്‍ക്കിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവർക്കായി വണ്ടര്‍ലാ വെബ്സൈറ്റില്‍ ഇതിന്റെ പൂര്‍ണരൂപം ലഭ്യമാണ്.
കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ എഴുതിയ ഒറിജിനല്‍ ഹാള്‍ ടിക്കറ്റുമായി വണ്ടര്‍ലാ കൊച്ചി സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാര്‍ക്കിലേക്കുള്ള പ്രവേശനനിരക്ക് 31 വരെ 680 രൂപ മാത്രമായിരിക്കും. ഒറിജിനല്‍ കോളജ് ഐഡി കാര്‍ഡുമായി വരുന്ന 22 വയസില്‍ താഴെയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9744770000, 0484 2684009.
വണ്ടര്‍ലായില്‍ സമ്മര്‍ ഫിയസ്റ്റ 31 വരെ
12:00 AM May 21, 2017 | Deepika.com